ഹൈദരാബാദ്: ഭാരതത്തില്‍ സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ഇംഗ്ലണ്ടിന് ആദ്യ പരീക്ഷ ഇന്ന് മുതല്‍. ഹൈദരാബാദിലാണ് അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. മുന്‍ നായകനും സൂപ്പര്‍ താരവുമായി വിരാട് കോഹ്ലിയുടെ അഭാവത്തിലാണ് രോഹിത് ശര്‍മയുടെ ഭാരതം ഇന്ന് കളിക്കാനിറങ്ങുന്നത്. വിരാട് വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കോഹ്ലിക്ക് പകരം രജത് പാട്ടീദാറാണ് ടീമില്‍ ഇടം പിടിച്ചത്. മധ്യനിരയിലെ വിശ്വസ്തരായ ചേതേശ്വര്‍ പൂജാരയെയും അജിന്‍ക്യ രഹാനെയെയും മറികടന്നാണ് പാട്ടീദാര്‍ ടീമിലിടം പിടിച്ചത്. രാവിലെ 9.30നാണ് മത്സരം.
ഹൈദരബാദിലേത് സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം മുതല്‍ തന്നെ പന്ത് കുത്തിത്തിരിയുമെന്നതിനാല് ബാറ്റര്‍മാര്‍ക്ക് റണ്‍ കണ്ടെത്താന്‍ വിഷമമായേക്കും.
ഇതിന് മുമ്പ് അഞ്ച് ടെസ്റ്റുകളാണ് ഹൈദരാബാദില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നാലിലും ഭാരതം ജയിച്ചു. ഒരെണ്ണം സമനിലയിലായി. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ഭാരതം ഈ സ്റ്റേഡിയത്തില്‍ വിജയിച്ചത്. സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഭാരതത്തെ സമനിലയില്‍ പിടിച്ചു.
ഭാരതത്തിന്റെ ഭാഗ്യഗ്രൗണ്ടെന്ന വിശേഷണമുള്ള ഇവിടെ സ്പിന്‍കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ബെന്‍ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികയ്ക്കാന്‍ അശ്വിന് 12 വിക്കറ്റ്കൂടി മതി. പത്തൊന്‍പത് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 88 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.
കെ.എല്‍. രാഹുല്‍ കീപ്പറാവില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതിനാല്‍ വിക്കറ്റിന് പിന്നിലെത്താന്‍ കെ.എസ്. ഭരതും അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറലും തമ്മിലാവും മത്സരം. വിരമിച്ച സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, അവസാന നിമിഷം പിന്മാറിയ ഹാരി ബ്രൂക് എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. രോഹിതിനൊപ്പം യശസ്വി ജയ്സ്വാള്‍ ഓപ്പണറാകും. പിന്നാലെ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരും എത്തും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരിക്കും പേസ് ബൗളര്‍മാരായി ടീമിലുണ്ടാവുക. വിക്കറ്റ് കീപ്പറായി കെ.എ്സ്. ഭരതാകും ടീമില്‍ ഉള്‍പ്പെടുക.
അതേസമയം ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ചു. പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലെഗ് സ്പിന്‍ ഓള് റൗണ്ടര്‍
റെഹാന് അഹമ്മദ്, ഇടം കൈയന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ലി, ജാക് ലീച്ച് എന്നിവരാണ് സ്പിന്നര്‍മാരായി ഇംഗ്ലണ്ട് നിരയില്‍ ഇറങ്ങുക. പേസറായി മാര്‍ക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലുള്ളത്. 1962നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ ഒരേയൊരു പേസറുമായി കളിക്കാനിറങ്ങുന്നത്.
ഓപ്പണര്‍മാരായി സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും മൂന്നാം നമ്പറില്‍ ഒലി പോപ്പും ഇറങ്ങുമ്പോള്‍ മുന്‍ നായകന് ജോ റൂട്ട് ആണ് നാലാം നമ്പറില്‍. ജോണി ബെയര്‍സ്റ്റോ അഞ്ചാം നമ്പറില്‍ എത്തുമ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ആണ് ആറാം നമ്പറില്‍. വിക്കറ്റ് കീപ്പറായി ബെന്‍ ഫോക്സ് ആണ് ടീമിലുള്ളത്.
സാധ്യതാ ടീം: ഭാരതം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, കെ.എസ്. ഭരത്, അക്സര്‍ പട്ടേല്‍, ആര്. അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, റെഹാന് അഹമ്മദ്, മാര്‍ക് വുഡ്, ടോം ഹാര്‍ട്ലി, ജാക്ക് ലീച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: