ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് . പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് ഠാക്കൂര്‍, ‘ജന്‍ നായക്’ (ജനങ്ങളുടെ നായകന്) എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറെ സന്തുഷ്ടിയോടെയാണ് കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന നല്‍കുന്നതെന്ന് രാഷ്ട്രപതി ഭവന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകുന്നത്
1924 ജനുവരി 24ന് ജനിച്ച താക്കൂര്‍ 1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും (സോഷ്യലിസ്റ്റ് പാര്‍ട്ടി/ഭാരതീയ ക്രാന്തി ദള്‍) വരെയും 1977 ഡിസംബര്‍ മുതല്‍ 1979 ഏപ്രില്‍ വരെയും (ജനതാ പാര്‍ട്ടി) ബീഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലം, പ്രത്യേകിച്ച് സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തിനായി അദ്ദേഹം ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ അവതരിപ്പിച്ചും ശ്രദ്ധേയനായി.
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഠാക്കൂറിന്റെ പ്രവര്ത്തനലക്ഷ്യങ്ങളില് പ്രധാനം. 1978 നവംബറില്‍ ബിഹാറിലെ പിന്നാക്കവിഭാഗക്കാര്‍ക്ക് 26 ശതമാനം സംവരണം അദ്ദേഹം നടപ്പാക്കി. 1990 ല്‍ മണ്ഡല് കമ്മിഷന് ശുപാര്‍ശകള്‍ക്ക് വഴിയൊരുക്കിയത് ഠാക്കൂറിന്റെ ഭരണപരിഷ്കാരങ്ങളായിരുന്നു.
സാമൂഹികമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. നിരവധി ഭൂപരിഷ്കരണനടപടികളും ഠാക്കൂര്‍ നടപ്പിലാക്കി. ഭൂവുടമകളില്‍ നിന്ന് ഭൂരഹിത ദളിതരിലേക്ക് ഭൂമി എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ ഠാക്കൂര്‍ കൊണ്ടുവന്നു. ഈ നടപടികള്‍ അദ്ദേഹത്തിന് ‘ജനനായകന്’ എന്ന പേര് നേടിക്കൊടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സില്‍ ഇക്കാര്യം പങ്കുവെച്ചു, ‘സാമൂഹിക നീതിയുടെ വിളക്കുമാടമായ മഹാനായ ജന്‍ നായക് കര്‍പ്പൂരി താക്കൂര്‍ ജിക്ക് ഭാരതരത്ന നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന കാര്യം അറിയിക്കാന്‍ സന്തോഷമുണ്ട്’. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
‘സാമൂഹ്യനീതിയുടെ പ്രകാശം, മഹാനായ ജന നായക് കര്‍പ്പൂരി താക്കൂര്‍ ജി, അതും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഭാരതരത്ന നല്കാന് ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നേതാവ് എന്ന നിലയിലും സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ശാശ്വതമായ പ്രയത്നത്തിന്റെ തെളിവാണ് ഈ അഭിമാനകരമായ അംഗീകാരം, മോദി പറഞ്ഞു.
‘അടിമത്തപ്പെട്ടവരെ ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ഘടനയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ അവാര്‍ഡ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതല്‍ നീതിയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൗത്യം തുടരാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു,’ മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: