കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി യജമാനനായി അയോദ്ധ്യയില്‍ ‘പ്രാണപ്രതിഷ്ഠ’ നടത്തിയ നേരം കൊല്‍ക്കത്തയിലെ രാംമന്ദിറില്‍ ആരതി അര്‍പ്പിച്ചും പ്രഥമ രാമായണയാത്രയ്ക്ക് രാമരഥം ഫഌഗ് ഓഫ് ചെയ്തും ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് തിങ്കളാഴ്ച ചരിത്ര മുഹൂര്‍ത്തത്തിന് ഭക്തിപ്രകര്‍ഷം പകര്‍ന്നു.
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം രാമായണ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബംഗാളിലെ രാമനുമായി ബന്ധപ്പെട്ട 14 പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനത്തിലുടനീളം സഞ്ചരിച്ച് രാമരഥം അയോദ്ധ്യയിലെത്തും. അവിടെ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന യാത്ര ചടയമംഗലത്തുള്ള ജടായുപാറ രാമക്ഷേത്രത്തില്‍ സമാപിക്കും. കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യുവിലെ പ്രസിദ്ധമായ രാമക്ഷേത്രത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് എത്തിയ ഗവര്‍ണര്‍ എല്ലാ വിധ ആചാരോപചാരങ്ങളോടും കൂടിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ക്ഷേത്ര ട്രസ്റ്റികള്‍ പരമ്പരാഗതമായ കവണിയും അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സുവര്ണ്ണമാതൃകയും നല്കി ഗവര്‍ണറെ ആദരിച്ചു. ശ്രീരാമന്റെ വെള്ളി പാദുകങ്ങള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച് അനുസരണയുള്ള ശിഷ്യനായി ഭരണം നടത്തിയ ഭരതന്റെ മാതൃക അനുസ്മരിച്ച് ആനന്ദബോസ് രണ്ട് പാദുകങ്ങള്‍ രാമക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ആചാരോപചാരങ്ങളോടെ പൂജാരിമാര്‍ പാദുകങ്ങള്‍ ഏറ്റു വാങ്ങി.
സംസ്കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങളും മന്ത്രങ്ങളും പൂജാരിമാര്‍ക്കൊപ്പം ആനന്ദ ബോസും ഉരുവിട്ടു. കൊല്‍ക്കത്തയിലെ രാമ ക്ഷേത്രത്തില്‍ ഇതാദ്യമായി അദ്ദേഹം ആദ്ധ്യാത്മ രാമായണ പാരായണവും നടത്തി. ഗ്രന്ഥത്തിന്റ സഹായമില്ലാതെ ഓര്‍മ്മയില്‍ നിന്ന് രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അദ്ദേഹം ചൊല്ലിയത് പരികര്‍മികളെപ്പോലും അത്ഭുതപ്പെടുത്തി.
മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സദ്ഭാവനാ യാത്രയെകുറിച്ച് ചോദിച്ചപ്പോള്‍. സമൂഹത്തില്‍ സമാധാനമുണ്ടാക്കാനായി ചെയ്യുന്നതെന്തും രാമന്റെ ആദര്‍ശങ്ങള്‍ക്കനുസൃതമാണെന്നും സാമൂഹിക നന്മയ്ക്കു അത് വഴിതെളിക്കുമെന്നും ആനന്ദബോസ് പറഞ്ഞു. ‘രാമന് എല്ലാവരുടെയും ഹൃദയത്തില്‍ അനുഭവപ്പെടുന്ന ഒരു വികാരമാണ്. മധുരവും വെളിച്ചവും പകര്‍ന്നുകൊണ്ട് സമൂഹത്തില്‍ അത് സമാധാനവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ പ്രശസ്ത ഗവേഷണകേന്ദ്രമായ മൗലാന അബുല്‍ കലാം ആസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ രാമായണഗവേഷണ പദ്ധതിക്ക് രൂപം നല്‍കിയതായി ആനന്ദബോസ് പറഞ്ഞു. രാമനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിനും രാമായണഇതിവൃത്തത്തിലെ വിദഗ്ധരുമായി വിവിധ രാജ്യങ്ങളില്‍ കോണ്‍ക്ലേവുകള്‍ നടത്തുന്നതിനുമായി വിദഗ്ധരുടെ ഒരു ഗവേഷണ സംഘം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. രാമായണത്തിന് സ്വന്തം വ്യാഖ്യാനം എഴുതുന്നതിന്റെ പണിപ്പുരയിലാണ് ഡോ ആനന്ദബോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: