അഞ്ഞൂറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബാലകരാമന് അയോദ്ധ്യയില്‍ തിരിച്ചെത്തുമ്പോള്‍ ആയിരത്താണ്ടുകള്‍ നീണ്ട ഭാരതത്തിന്റെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവാണ്. രാമജന്മഭൂമിയിലെ വൈദേശികാക്രമണത്തിന്റെ കളങ്കം കഴുകിക്കളഞ്ഞ് പുണ്യഭൂമിയെ വീണ്ടെടുക്കാന്‍ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന്റെ സാഫല്യമാണ് ഉണ്ടായിരിക്കുന്നത്. അവഗണനയെയും എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും മറികടന്ന്, ് എണ്ണമറ്റ ബലിദാനികള്‍ രക്തം ചിന്തിയ പാതയിലൂടെ മുന്നേറിയാണ് ഭാരതവും ലോകവും ഐതിഹാസികമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. അയോദ്ധ്യയില്‍ ഉയര്‍ന്നിരിക്കുന്ന ഭവ്യമായ രാമക്ഷേത്രത്തിലെ രാംലല്ല പ്രതിഷ്ഠയ്ക്ക് നവഭാരതത്തിന്റെ നായകനായി മാറിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുമ്പോള് രാമചന്ദ്ര ഭഗവാന്റെ ആ കണ്ണുകളിലൂടെ ഭാരതം കാണുന്നത് പുതിയൊരു ലോകമാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ കേവലം ഒരു ചടങ്ങല്ല. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന സാംസ്കാരികവും ആത്മീയവും ദേശാഭിമാനനിര്‍ഭരവുമായ ഒരു മുന്നേറ്റം വിജയം കണ്ടതിന്റെ ആവേശദായകമായ ചരിത്രമുഹൂര്‍ത്തമാണ്. സ്വാതന്ത്ര്യസമരത്തിനുശേഷം ഭാരതം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു രാമജന്മഭൂമി പ്രക്ഷോഭം. സ്വാതന്ത്ര്യസമരത്തിലേതിനെക്കാള്‍ ജനപങ്കാളിത്തം അതിനുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠ. മതപരവും രാഷ്ട്രീയവും ഭരണപരവും വൈദേശികമായിപ്പോലുമുള്ള സമ്മര്‍ദ്ദങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന് ഈ മുന്നേറ്റത്തെ സമ്പൂര്‍ണ വിജയത്തിലെത്തിച്ച ഒരു മഹാപ്രസ്ഥാനത്തിന്റെ ലക്ഷ്യബോധത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിനിധികളാണിവര്‍.
പ്രാണപ്രതിഷ്ഠ നടക്കുന്നത് രാമജന്മഭൂമിയിലെ ക്ഷേത്രത്തിലാണെങ്കിലും ഭാരതമെമ്പാടും അയോദ്ധ്യയായി മാറിയിരിക്കുകയാണ്. ഭാരതീയ പാരമ്പര്യത്തിലുള്ള നൂറുകണക്കിന് ഋഷിമാരും മഹാപുരുഷന്മാരും വിവിധ മേഖലകളിലെ മൂവായിരത്തോളം പ്രമുഖരും നൂറ്റിനാല്‍പ്പത് കോടി ജനങ്ങളുടെ പ്രതിനിധികളായാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കൊട്ടാരം മുതല്‍ കുടില്‍ വരെയും, മഹാനഗരങ്ങള്‍ മുതല്‍ കുഗ്രാമങ്ങള്‍ വരെയും രാമമന്ത്രമുഖരിതമായിരിക്കുന്ന ഇത്തരമൊരു അന്തരീക്ഷം ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. അന്തരീക്ഷത്തില്‍ വന്ന ഈ മാറ്റം പലര്‍ക്കും അവിശ്വസനീയമായി തോന്നുകയാണ്. സംന്യാസിവര്യന്മാരുടെ അനുഗ്രഹത്തോടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അയോദ്ധ്യാ പ്രക്ഷോഭം ശക്തിപ്പെടുകയും, ക്ഷേത്രം രാമജന്മഭൂമിയില്‍തന്നെ നിര്‍മിക്കും എന്ന മുദ്രാവാക്യം ഉയരുകയും ചെയ്തപ്പോള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാത്തവരുണ്ടായിരുന്നു. അതിനെ വിമര്‍ശിച്ചവരുണ്ട്. പരിഹസിച്ചവരുണ്ട്, പരിതപിച്ചവരുമുണ്ട്. നൂറ്റാണ്ടുകളായി ബാബറി മസ്ജിദ് നില്‍ക്കുന്നിടത്ത് ക്ഷേത്രമോ എന്നാണ് ഇവരൊക്കെ ഒന്നുപോലെ ചോദിച്ചത്. ഈ മസ്ജിദ് ഒരു മഹാക്ഷേത്രം തകര്‍ത്ത് വിദേശിയായ മതഭ്രാന്തന് നിര്‍മിച്ചതാണെന്ന സത്യം അംഗീകരിക്കാന്‍ ഇവരാരും തയ്യാറായിരുന്നില്ല. രാമജന്മഭൂമിക്കുമേലുള്ള ഹിന്ദുക്കളുടെ അവകാശം അലഹബാദ് ഹൈക്കോടതി ഭാഗികമായും, രാജ്യത്തിന്റെ പരമോന്നത നീതിപീഠം സമ്പൂര്‍ണമായും അംഗീകരിച്ചതിനു ശേഷവും ചില ശക്തികള്‍ എതിര്‍പ്പ് തുടര്‍ന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തിനനുസരിച്ച് ക്ഷേത്രനിര്‍മാണം നടന്ന ഓരോ ഘട്ടത്തിലും ഇക്കൂട്ടര്‍ മാറിച്ചിന്തിച്ചില്ല. ദേശാഭിമാനം നെഞ്ചേറ്റിയ ഒരു ജനതയും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും ഒത്തുചേര്‍ന്നപ്പോള്‍ എല്ലാം മംഗളമായി കലാശിക്കുകയായിരുന്നു. അയോദ്ധ്യാ പ്രക്ഷോഭത്തോട് വലിയ എതിര്‍പ്പുകളുയര്‍ന്ന കേരളത്തില്‍ നൂറുകണക്കിന് പ്രമുഖരാണല്ലോ പ്രാണപ്രതിഷ്ഠയുടെ അക്ഷതം സ്വീകരിച്ചത്. രാമന്റെയും രാമായണത്തിന്റെയും പൈതൃകം കേരളവും വീണ്ടെടുക്കുകയായിരുന്നു.
മതത്തിനും ജാതിക്കുമൊക്കെ അതീതമായി രാമന് എല്ലാവരുടേതുമാണെന്ന് അയോദ്ധ്യാ വിമോചനത്തിന്റെ വക്താക്കള്‍ തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലര്‍ വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. അയോദ്ധ്യയില്‍ ഉയര്‍ന്നിരിക്കുന്നത് മറ്റൊരു ക്ഷേത്രമല്ല, ഭാരതം എന്ന അതിപുരാതനമായ ഒരു നാഗരികതയുടെ മഹാമന്ദിരമാണ്. നെടുനാളത്തെ നിദ്രയില്‍നിന്ന് ഭാരതം സാംസ്കാരികമായി ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ പ്രതീകമാണിത്. ഭാരതം ഉയരേണ്ടത് ആത്മീയതയുടെ കരുത്തിലാണെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് അയോദ്ധ്യയില്‍ അര്‍ത്ഥപൂര്‍ണമാകുന്നത്. രാഷ്ട്രീയ-സാമ്പത്തിക ശക്തി എന്നതിനുപരി മാനവരാശിക്ക് കാലാതീതമായ ധാര്‍മികമൂല്യങ്ങള്‍ പകര്ന്നുനല്കുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. അയോദ്ധ്യയില്‍നിന്ന് ഉയരുന്ന ധര്‍മത്തിന്റെ ശംഖൊലികള്‍ ഭാരതത്തിന്റെ ഇന്നുകാണുന്ന അതിരുകള്‍ക്കപ്പുറത്തേക്ക് പടരും. പ്രാണപ്രതിഷ്ഠയുടെ ആഘോഷം അഞ്ച് വന്‍കരകളിലായി അമ്പതിലേറെ രാജ്യങ്ങളില്‍ അരങ്ങേറിയത് വരാനിരിക്കുന്ന കാലത്തിന്റെ ദിശ നിര്‍ണയിക്കുന്നതാണ്. ഭാരതത്തിന് ലോകത്ത് നിര്‍വഹിക്കാനുള്ളത് സനാതന ധര്‍മത്തിന്റെ ദൗത്യമാണെന്ന് പ്രവചിച്ച മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. തനതു സംസ്കാരത്തിന്റെ കരുത്തില്‍ ഉയിര്ത്തെഴുന്നേല്ക്കുന്ന ഈ രാഷ്ട്രത്തിന് ഇനിയും ഏറെ വെല്ലുവിളികളെ നേരിടേണ്ടിവരും. അപ്പോഴൊക്കെ അയോദ്ധ്യയില്‍ ഉയര്‍ന്നിരിക്കുന്ന രാമക്ഷേത്രവും, അതില്‍നിന്നുള്ള ചൈതന്യവും അപാരമായ ആത്മവിശ്വാസവും കരുത്തും പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: