അയോദ്ധ്യയിലെ ശ്രീരാമന് ആര്‍ഷഭാരതത്തിന്റെ രാഷ്ട്രീയ, ആത്മീയതയുടെ ആത്മാവും പ്രതീകവുമാണ്. മത-പ്രാദേശിക സങ്കുചിതത്വങ്ങളുടെ സര്‍വ അതിര്‍ത്തികളെയും ഭേദിച്ച് സര്‍വരെയും ഒന്നിപ്പിച്ചു നിര്‍ത്തുന്ന ദേശീയതയുടെ സാംസ്കാരിക സങ്കല്പത്തിലെ നിത്യഹരിത നായകനും രാമനാണ്.
രാമന് ഒരേസമയം ഭാരത സങ്കല്പത്തിലെ മാതൃകാ മനുഷ്യനും മാതൃകാ ഭരണാധികാരിയുമാണ്. ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ രാഷ്ട്രപിതാവിന്റെ – ഗാന്ധി സ്വപ്നത്തിലെ സങ്കല്പവും രാമരാജ്യമെന്നു തന്നെയാണല്ലോ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. കശ്മീരിലായാലും കന്യാകുമാരിയിലായാലും ഏതൊരാള്‍ക്കും തൊട്ടടുത്ത് അറിയാന്‍ കഴിയുന്ന സാന്നിധ്യമാണ് ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനുമൊക്കെ.
ധര്‍മ്മപുത്രരെ മാത്രമല്ല ഭീമനും അര്‍ജ്ജുനനും പാഞ്ചാലിയും പാണ്ഡുവും കുന്തിയും ധൃതരാഷ്ട്രരുമൊക്കെ ഏതൊരു ഭാരതീയനും അവന്റെ മനസിന് തൊട്ടറിയുന്ന ഇതിഹാസ കഥാപാത്രങ്ങളാണ്. അയോദ്ധ്യയും ഇന്ദ്രപ്രസ്ഥവും ചിരപ്രതിഷ്ഠ നേടിയിട്ടുള്ള നഗരസാന്നിധ്യങ്ങളുമാണ്.
അയോദ്ധ്യയില്ലാത്ത രാമായണമില്ല. ജറുസലേമില്ലാത്ത ബൈബിളുമില്ല. വിശ്വാസിക്ക് ഇവയൊന്നും വെറും സങ്കല്പങ്ങളുമല്ല. അവരുടെ മനസിലെ ആത്മീയ യാഥാര്‍ത്ഥ്യങ്ങളാണ്. അയോദ്ധ്യയും ക്ഷേത്രവും രണ്ടല്ല. അതു ചരിത്രവും പൈതൃകവുമാണ്. ശ്രീരാമനില്ലാത്ത ആര്‍ഷ സംസ്കൃതിയില്ല. അയോദ്ധ്യയുമില്ല. ഈ തിരിച്ചറിവാണ് മതേതരത്വത്തിന്റെ കാതല്‍. മതേതരത്വത്തിന്റെ ആത്മാവും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: