ന്യൂദല്‍ഹി: വൃക്കമാറ്റിവെച്ച രോഗിക്ക് രാജ്യത്താദ്യമായി കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഫരീദാബാദ് അമൃത ആശുപത്രി. 64 വയസും 19 വയസും പ്രായമുള്ളവരിലാണ് സങ്കീര്‍ണമായ കൈമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. നേരത്തെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗിയില്‍ കൈമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് ഫരീദാബാദ് അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മോഹിത് ശര്‍മ്മ പറഞ്ഞു.
ദല്‍ഹി സ്വദേശിയായ ഗൗതം തയാലി(64)ന്റെ വൃക്ക പത്ത് വര്‍ഷം മുന്‍പാണ് മാറ്റിവെച്ചത്. ഇതിന്റെ ഭാഗമായി രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നുകളും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നു. ജോലിസ്ഥലത്ത് സംഭവിച്ച ഒരപകടത്തില്‍ ഗൗതമിന്റെ ഇടതുകൈ കൈപ്പത്തിക്ക് മുകളിലായി നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിയുടെ കുടുംബം കൈ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതോടെ ഗൗതമിന്റെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുതിയ വെളിച്ചം തെളിയുകയായിരുന്നു. താനെയില്‍ നിന്ന് വ്യോമമാര്‍ഗം ഫരീദാബാദ് അമൃത ആശുപത്രിയില്‍ എത്തിച്ച കൈകള്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം തുന്നിചേര്‍ക്കുകയായിരുന്നു. ഗൗതം ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടും. വൈദ്യശാസ്ത്ര രംഗത്തെ നിര്‍ണായക ചുവടുവെപ്പാണിതെന്നും ഡോ. മോഹിത് ശര്‍മ്മ പറഞ്ഞു.
ദല്‍ഹി സ്വദേശിയായ ദേവാന്‍ഷ് ഗുപ്ത(19)യാണ് കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടാമത്തെയാള്‍. മൂന്നുവര്‍ഷം മുമ്പുണ്ടായ ട്രെയിന്‍ അപകടത്തിലാണ് ദേവാന്‍ഷിന് ഇരുകൈകളും നഷ്ടമായത്. സൂറത്ത് സ്വദേശിയായ 33 കാരന്റെ കൈകളാണ് മരണാ
നന്തര അവയവദാനത്തിലൂടെ ദേവാന്‍ഷ് ഗുപ്തക്ക് ലഭിച്ചത്. ദേവാന്‍ഷിന്റെ വലത് കയ്യുടെ കൈപ്പത്തി മുതലും ഇടത് കയ്യുടെ കൈമുട്ട് മുതലും പുതിയ കൈകള്‍ തുന്നി ചേര്‍ത്ത പ്രക്രിയ അതീവ സങ്കീര്‍ണമായിരുന്നെന്ന് ഫരീദാബാദ് അമൃത ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ മുരാര്‍ക പറഞ്ഞു.
ഡോ. മോഹിത് ശര്‍മ്മ, ഡോ. അനില്‍ മുരാര്‍ക, ഡോ. ശിഖ ഗുപ്ത, ഡോ. ദേവജ്യോതി ഗിന്, ഡോ. ശ്രീലേഖ റെഡ്ഡി, ഡോ. വസുന്ധര ജെയിന്, ഡോ. അരുണ്‍ ശര്‍മ്മ, ഡോ. മുകുള്‍ കപൂര്‍, ഡോ. മൃണാള്‍ ശര്‍മ്മ, ഡോ. പ്രിയദര്‍ശി അമിത് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: