ഏറെ നാളുകൾക്കുശേഷം മലയാള സിനിമാ ലോകവും പ്രേക്ഷകരും എല്ലാം കൊണ്ടാടിയ വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റേത്. ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു താലികെട്ട്. അതുകൊണ്ട് തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും താൻ ക്ഷണിച്ച അതിഥികൾക്ക് വേണ്ടി സുരേഷ് ഗോപി ഒരുക്കിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, നരേന്ദ്ര മോദി തുടങ്ങി ഒട്ടനവധി പേരാണ് ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തത്.
സെലിബ്രിറ്റികളുടെ പരിപാടികൾ എന്തെങ്കിലും നടന്ന് കഴിഞ്ഞാൽ ഒരു വിവാദം എങ്കിലും ഉണ്ടാവുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിൽ വിവാദമുണ്ടായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ കഴിഞ്ഞപ്പോഴും നിരവധി വിവാദങ്ങളും ചർച്ചകളും എല്ലാമുണ്ടായിരുന്നു.
അത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഗുരുവായൂരിൽ ഭാഗ്യയുടെ താലികെട്ട് ചടങ്ങിന് സാക്ഷിയാകാൻ തലേന്ന് തന്നെ മോഹൻലാലും ഭാര്യ സുചിത്രയും എത്തിച്ചേർന്നിരുന്നു. താലികെട്ടിന് അമ്പലത്തിലും മോഹൻലാൽ സന്നിഹിതനായിരുന്നു. ജയറാം, ദിലീപ്, മമ്മൂട്ടി അടക്കമുള്ള താരങ്ങൾ തങ്ങളെ വിഷ് ചെയ്യുകയും കൈ തരികയുമെല്ലാം ചെയ്തുവെന്നും എന്നാൽ മോഹൻലാൽ കാറിന്റെ ഗ്ലാസ് ഒന്ന് താഴ്ത്താനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും പറഞ്ഞ് ഗുരുവായൂർ അമ്പല പരിസരത്ത് തടിച്ച് കൂടിയ കുറച്ച് ജനങ്ങൾ പരാതിപ്പെട്ടിരുന്നു.
പുറത്തേക്ക് വന്ന് മോഹൻലാൽ തങ്ങളോട് ഹായ് പറയണമെന്നും അല്ലാത്തപക്ഷം ഇനി മോഹൻലാൽ സിനിമ കാണില്ലെന്നും തടിച്ച് കൂടി ബഹളം വെച്ചവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ ഭാഗം വ്യക്തമാക്കി എത്തിയിരിക്കുകയാണ് മോഹൻലാൽ. എല്ലാവരെയും എപ്പോഴും സംതൃപ്തിപ്പെടുത്താൻ പറ്റില്ലെന്നും കാറ് നിർത്തി ഗ്ലാസ് താക്കാൻ പേടിയാണെന്നുമാണ് മോഹൻലാൽ പറയുന്നത്. താരത്തിന്റെ വാക്കുകളിലൂടെ തുറന്ന് വായിക്കാം. ’43 വർഷമായി അഭിനയിക്കുന്ന ആളാണ് ഞാൻ. അന്ന് മുതൽ എത്രയൊ തലമുറകളിലൂടെ സഞ്ചരിച്ചയാളാണ് ഞാൻ. അന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഒന്നിച്ച് നിന്ന് ഫോട്ടോയെടുത്തയാൾ ഇപ്പോൾ 10-ാം ക്ലാസിൽ പഠിക്കുന്ന മക്കളുമായി വന്ന് ഫോട്ടോയെടുക്കുന്നുവെന്നതൊക്കെ ഭാഗ്യമാണ്.’
‘അന്ന് എനിക്ക് ഒപ്പം അഭിനയിച്ച കുട്ടികളൊക്കെ അങ്കിൾ എന്ന് വന്ന് വിളിക്കുമ്പോൾ അത്ഭുതം തോന്നും. അവരൊക്കെ ഡോക്ടറും എയർഫോഴ്സിലുമൊക്കെയാണ്. അന്നത്തെ പോലുളള ജേണലിസമോ സിനിമകളോ ഫാഷനോ ഒന്നും അല്ല. ആ മാറ്റത്തിനിടയിൽ പല കാര്യങ്ങളും സംഭവിക്കും. നമ്മൾ മനപ്പൂർവ്വം ഒരു ആരാധകനേയും ഉപദ്രവിക്കില്ല.’ ‘ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടെ ഇരിക്കുന്ന എല്ലാവരേയും തൃപ്തിപ്പെടുത്താൻ പറ്റില്ല. രാഷ്ട്രീയക്കാർക്ക് എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലണം. പക്ഷെ സിനിമക്കാർക്ക് അതിന് സാധിക്കില്ല. ഭയങ്കരമായ ഉപദ്രവം ഉണ്ടാകും. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു വിവാഹത്തിന് പോയപ്പോൾ ഹോട്ടലിൽ നിന്നൊക്കെ ഇറങ്ങാൻ വളരെ പാടുപെട്ടു. ആ സമയത്ത് കാർ നിർത്തി ഗ്ലാസ് താഴ്ത്താൻ പറ്റില്ല പേടിയാണ്.’
‘ഇതുപോലൊരു സാഹചര്യത്തിൽ അല്ലാതെ ആളുകളുമായി സംവദിക്കാൻ കഴിയുന്നൊരു സമയത്ത് സംവദിക്കും. ഞാൻ പ്രതികരിക്കുന്നയാളല്ല. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കണമെന്നുമില്ല. നമ്മളും മനുഷ്യരാണ്. നമുക്കും ഒരുപാട് മൂഡുകൾ ഉണ്ടാകാം സൗകര്യങ്ങളും അസൗകര്യങ്ങളും ഉണ്ടാകും. ഒരാൾക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെൻഷനാണ്.’ ‘ചിലപ്പോൾ അയാൾ കൈകളിൽ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ എന്നൊക്കെയാണ്. എന്ത് വേണമെങ്കിലും ചെയ്യാലോ. സ്നേഹത്തിൽ പൊതിഞ്ഞൊരു ഭയം ഉണ്ടാകും. ഞാൻ എന്നിലേക്ക് ഒരാളേയും കൊണ്ടുവരാൻ ശ്രമിക്കാറില്ല. ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാറാണ് പതിവ്. മൂഡ് സ്വിങ്ങ് ഉണ്ടാകുന്നൊരാളല്ല ഞാൻ പൊതുവെ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: