അയോദ്ധ്യ: ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള യജ്ഞങ്ങളും പൂജകളും രാമജന്മഭൂമിയില്‍ ആരംഭിച്ചു. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയെയും ഭാര്യ ഉഷയേയും പ്രധാന യജമാന സ്ഥാനത്ത് നിയോഗിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇന്നലെ തീര്‍ത്ഥപൂജ, ജലയാത്ര, ദന്ധാധിവാസം എന്നിവ നടന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും യജമാന സ്ഥാനം വഹിക്കുന്നത്. അതിന് മുമ്പ് 21 വരെ ദിവസവും പ്രത്യേക പൂജകളും യജ്ഞങ്ങളുമാണ് നടക്കുന്നത്. വാരാണസിയില്‍ നിന്നുള്ള ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മീകാന്ത് ദീക്ഷിത് എന്നീ പണ്ഡിതര്‍ നേതൃത്വം നല്കുന്നു.
സരയൂ നദിയില്‍ കുളിച്ച് പ്രായശ്ചിത്തം, സങ്കല്പ പൂജകള്‍ അനില്‍ മിശ്ര നിര്‍വഹിച്ചു. എട്ടു മണിക്കൂറോളം നീണ്ട പൂജകളാണ് ഇന്നലെ നടന്നത്. 22 ന് ഉച്ചയ്ക്ക് 12.20 ന് പ്രതിഷ്ഠ നടക്കും വരെ തുടര്‍ച്ചയായ ചടങ്ങുകളാണ് നടക്കുന്നതെന്ന് അനില്‍ മിശ്ര പറഞ്ഞു. ആര്‍എസ്എസ് അവധ് പ്രാന്ത കാര്യവാഹ് കൂടിയാണ് ഡോ. അനില്‍ മിശ്ര. പ്രതിഷ്ഠക്ക് തെരഞ്ഞെടുത്ത രാമവിഗ്രഹത്തിന് സമീപം നടന്ന പൂജകളില്‍ ശില്പി അരുണ്‍ യോഗിരാജിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.
ജനുവരി 22 വരെ നിരവധി പൂജകള്‍ നടക്കുമെന്നും 11 പൂജാരിമാര്‍ എല്ലാ ദേവീദേവതകള്ക്കും വേണ്ടി പൂജകള്‍ നിര്‍വഹിക്കുന്നതായും രാമക്ഷേത്രത്തിന്റെ മുഖ്യപൂജാരി സത്യേന്ദ്രദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: