ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി. നേരത്തെയുള്ള തെരഞ്ഞെടുപ്പുകളില്‍ സഖ്യത്തില്‍ മത്സരിച്ചിട്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവും ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. എന്നിരുന്നാലും തെരഞ്ഞെടുപ്പിനെ ശേഷം സഖ്യസാധ്യതകള്‍ പരിശോധിക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് പാര്‍ട്ടികളുമായി മത്സരിച്ചപ്പോഴെല്ലാം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബിഎസ്പി വോട്ടുകള്‍ കൃത്യമായി മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കും. എന്നാല്‍ സഖ്യകക്ഷികളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഇക്കുറി തനിച്ച് മത്സരിക്കാനാണ് തീരുമാനം. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ക്ഷണിച്ചിട്ടുണ്ട്. ഒരു പരിപാടിക്കും എതിരല്ല. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു, മായാവതി പറഞ്ഞു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടി ഉണ്ടായാല്‍ ഞങ്ങള്‍ അതിനെയും സ്വാഗതം ചെയ്യും. ബിഎസ്പി ഒരു മതേതര പാര്‍ട്ടിയാണ്, ഞങ്ങള്‍ എല്ലാവരേയും ബഹുമാനിക്കുന്നുവെന്നും മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: