ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 76-ാമത് കരസേന ദിനം ആചരിക്കും. ഉത്തർപ്രദേശിലെ ലക്നൗ ഗൂർഖ റൈഫിൾഡ് റെജിമെന്റൽ സെന്ററിലാണ് പരേഡ് നടക്കുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്.
ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുന്നത്. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഖ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവർ സന്നിഹിതരായിരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേനയാകും മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ആർമിയുടെ ഏഴ് കമാൻഡുകളിൽ ഒന്നാണ് സെൻട്രൽ കമാൻഡ്. മേജർ ജനറൽ സലിൽ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇൻഫെൻട്രി, ജാട്ട് റെജിമെന്റ്, ഗർവാൾ റൈഫിൾസ്, ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങളാണ് പരേഡിൽ പങ്കെടുക്കുക. സേനയുടെ വിവിധ റെജിമെന്റുകളിൽ നിന്നുള്ള ബാൻഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: