കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്സ് ഭൂമി വില്‍ക്കുന്നു. എറണാകുളം കാക്കനാടിനടുത്തുള്ള ഭൂമി വില്‍ക്കാനാണ് തീരുമാനം. അടുത്തിടെ നടന്ന കമ്പനി മാനേജ്മെന്റ് മീറ്റിങില്‍ എടുത്ത തീരുമാനത്തെത്തുടര്‍ന്ന് കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കര്‍ ഭൂമി വില്ക്കാന് തീരുമാനമായിരുന്നു. ഇത് പ്രകാരം ആഗോള ഇ-ടെന്‍ഡര്‍ നല്കാന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുന്നത്.
ഗള്‍ഫ് പത്രമായ ഗള്‍ഫ് ന്യൂസിലാണ് സ്ഥലം വില്‍ക്കുന്നതായി കാണിച്ചുള്ള പരസ്യം നല്‍കിയിരിക്കുന്നത്. ഈ മാസം 29 വരെയാണ് ടെണ്ടര്‍ നല്‍കാനുള്ള സമയം. വിദേശ മലയാളികളെ ലക്ഷ്യമിട്ടാണ് വിദേശ പരസ്യം നല്‍കിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കുമെന്ന് പറഞെങ്കിലും കാര്യമായി ഒന്നും ചെയ്തില്ല.
അസംസ്കൃത വസ്തു വിതരണക്കാര്‍ക്ക് കുടിശിക അടക്കം വലിയ തോതില്‍ നല്‍കാനുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം ഉല്പാദനത്തെ സാരമായി ബാധിച്ചതായാണ് വിലയിരുത്തല്‍. കമ്പനിക്ക് അസംസ്കൃത വസ്തു വിതരണക്കാര്‍ക്ക് ഏകദേശം 22 കോടി രൂപ നല്‍കാനുണ്ട്. ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും ഉള്‍പ്പെടെ മുന്‍ ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായും പണം ആവശ്യമുണ്ട്. ഇതിനെല്ലാം പണം കണ്ടെത്താനാണ് സ്ഥാപനത്തിന്റെ സ്ഥലം വില്‍ക്കുന്നത്.
സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും ഇരയായി മാറുകയാണ് ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ്.
പാട്ടക്കുടിശിക, നികുതികുടിശിക, വിരമിച്ച ജീവനക്കാര്‍ക്കു നല്‍കാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോള്‍ സ്ഥാപനത്തിനുള്ളത്. 2010 മുതല്‍ പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്.
56 ഏക്കറാണ് ട്രാവന്‍കൂര്‍ സിമന്റ്സിനായി കോട്ടയം ജില്ലയിലെ നാട്ടകം വില്ലേജില്‍ പാട്ടത്തിനു നല്‍കിയിരിക്കുന്നത്. 16 കോടി രൂപ കുടിശിക ഇനത്തില്‍ മാത്രം കൊടുക്കാനുണ്ട്. വിരമിച്ച ജീവനക്കാര്‍ക്കു നല്‍കാനുള്ള ആനൂകൂല്യങ്ങള്‍ക്കായി 6 കോടിയോളം കണ്ടെത്തണം. ഇതിനു പുറമേയുള്ള ബാധ്യതകള്‍ വേറെ.
എന്നാല്‍ കമ്പനിയുടെ നടത്തിപ്പിലെ പാകപ്പിഴകളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുന്നത്. 1946 ല്‍ രൂപീകൃതമായ ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. വേമ്പനാട് വൈറ്റ് സിമന്റിന്റെ പേരിലാണ് ട്രാവന്‍കൂര്‍ സിമന്റ്സ് അറിയപ്പെടുന്നത്. ഇതു കൂടാതെ വോള്‍പുട്ടിയും ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്. 200 ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: