ഇടുക്കി: ശബരിമല തീര്‍ത്ഥാടനകാലത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പുല്ലുമേട് ദുരന്തത്തിന് നാളെ 13 വയസ് തികയുന്നു. 102 പേരുടെ ജീവന് നഷ്ടപ്പെട്ട ദുരന്തം സംബന്ധിച്ച ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. വണ്ടിപ്പെരിയാറിലെ വള്ളക്കടവ് ഉപ്പുപാറയിലാണ് ദുരന്തമുണ്ടായത്. പിന്നീടുതവരെ ഈ കാനനപാതവഴി തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 2011 ജനുവരി 14ന് രാത്രി ഏഴരയോടെ മകരജ്യോതി ദര്‍ശിച്ച് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പ്രവേശിക്കാതിരിക്കാന്‍ പുല്ലുമേട്ടിലെ കുന്നിന്‍ചരുവില്‍ പോലീസ് കെട്ടിയ ചങ്ങലയില്‍ത്തട്ടി തീര്‍ത്ഥാടകര്‍ വീണാണ് അപകടമുണ്ടായത്. മറ്റുള്ളവരുടെ ചവിട്ടേറ്റും വാരിയെല്ലുകള്‍ ഒടിഞ്ഞുമാണ് ഏറെപ്പേരും മരിച്ചത്. മൂന്ന് ലക്ഷത്തിലേറെ പേരാണ് അന്നിവിടെ എത്തിയതെന്നാണ് കണക്കുകള്‍. വെളിച്ചക്കുറവും അശാസ്ത്രീയ പാര്‍ക്കിങ്ങും പോലീസുകാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.
ആദ്യം കുമളി പോലീസും പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ വ്യാപകമായ പരിശോധന നടന്നെങ്കിലും മറിഞ്ഞ നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ പോലും കണ്ടെത്താനായിരുന്നില്ല. ഈ ബൈക്കാണ് അപകടത്തിന്റെ തോത് കൂട്ടിയതെന്ന് ആദ്യം തന്നെ സൂചനകള്‍ വന്നിരുന്നു. ദുരന്തത്തിന് കാരണം സര്‍ക്കാര്‍ വകുപ്പുകളുടെ ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് എന്‍.ആര്. ഹരിഹരന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ടിലും ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ നടപടി ഉണ്ടായില്ല. പുല്ലുമേട് എന്ന പേര് തന്നെ പിന്നീട് അപ്രസക്തമാകുന്ന കാഴ്ചയാണ് കാണാനായത്. ദുരന്തത്തിന് ശേഷം ഇവിടേക്കെത്തുന്നവര്‍ 10,000ല്‍ താഴെയായി.
ഇത്തവണ മകരവിളക്കിന് ഇടുക്കി ഭരണകൂടം ലക്ഷങ്ങള്‍ മുടക്കി വലിയ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും ദുരന്തഭയത്തില്‍ തീര്‍ത്ഥാടകര്‍ ഈ സ്ഥലത്തെ കൈയൊഴിയുകയാണ്. കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉച്ചയ്ക്ക് ഒരു മണി വരെ പുല്ലമേട്ടിലേക്ക് സര്‍വീസ് നടത്തും. വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി ഉച്ചയ്ക്ക് രണ്ട് വരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: