ഡെറാഡൂണ്‍: അയോദ്ധ്യ ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഒമ്പത് ദിവസത്തെ രാമോത്സവം കൊണ്ടാടാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം. 14ന് ഉത്തരായനോത്സവം മുതല്‍ 22ന് പ്രാണപ്രതിഷ്ഠ വരെ എല്ലാ ജില്ലകളിലും സാംസ്കാരികോത്സവങ്ങള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ജില്ലാ/ബ്ലോക്ക് തലത്തില്‍ സമിതികള്‍ രൂപീകരിച്ച്, പൊതുജനപങ്കാളിത്തത്തോടെ ക്ഷേത്രങ്ങളിലും സമാനമായ ധാര്‍മ്മിക കേന്ദ്രങ്ങളിലും കലശയാത്രകളും രാമായണകഥാപാത്രങ്ങള്‍ അണിനിരക്കുന്ന ശോഭായാത്രകളും സംഘടിപ്പിക്കണം. മഹിളാ മംഗള്ദള്, യുവക് മംഗള്ദള്, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണം. നദീതീരത്ത് സ്ഥിതി ചെയ്യുന്ന മഠങ്ങള്‍, ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശുചിത്വ കാമ്പയിന് നടത്തണം. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍, സാമൂഹിക സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവയുടെയെല്ലാം പങ്കാളിത്തം ഉറപ്പാക്കണം.
ക്ഷേത്രങ്ങളിലും നദീതീരങ്ങളിലെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ദീപോത്സവവും ആരതിയും നടത്തണം. രാമചരിതമാനസ പാരായണം, ഭജന്‍-കീര്‍ത്തന പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: