പന്ത്രണ്ടാം വയസില്‍ അയോദ്ധ്യയില്‍ മഹന്ത് പരമഹംസ രാമചന്ദ്രദാസിനൊപ്പം ഉമാഭാരതി പോയത് രാമകഥ പറയാനാണ്. ബാലകരാമനെ അഴികള്‍ക്കുള്ളില്‍ വലിയ പൂട്ടിട്ട് അടച്ച നിലയില്‍ അന്നാണ് കണ്ടത്. സ്ത്രീകളടക്കമുള്ള രാമഭക്തര്‍ കണ്ണീരോടെ അതിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഭഗവാന് രാമന് അനീതിയുടെ തടവറയില്‍… കോടതിയുടെ അനുമതിയില്‍ ഭക്തരുടെ പ്രാര്‍ത്ഥന…
മധ്യപ്രദേശിലെ തിക്കംഗഡ് ജില്ലയില്‍ പിറന്ന ഉമ വളര്‍ന്നതും പഠിച്ചതും ഗ്വാളിയോര്‍ രാജമാതാ വിജയരാജസിന്ധ്യയുടെ തണലിലാണ്. ജീവിതത്തിന്റെ പിന്നാക്കാവസ്ഥയെ ലോധികളുടെ ഈ രാജകുമാരി തകര്‍ത്തത് ഭഗവത്ഗീത കൈപ്പുസ്തകമാക്കിയാണ്. താഴിട്ടുപൂട്ടിയ രാംലല്ല വിഗ്രഹത്തിന് മുന്നില്‍ നിന്നപ്പോളെടുത്ത തീരുമാനമാണ് ഉമയെ ശ്രീരാമജന്മഭൂമി വിമോചനപ്രസ്ഥാനത്തിന്റെ അഗ്നിജ്വാലയാക്കി മാറ്റിയത്. ജോര് സെ ബോലോ, രാംജന്മഭൂമി കാ താലാ ഖോലോ എന്ന മുദ്രാവാക്യം മുഴക്കി 1984ല്‍ വിശ്വഹിന്ദുപരിഷത്ത് ആരംഭിച്ച പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ നടക്കാന്‍ ഉമ സ്വയം തീരുമാനിച്ചതാണ്.
1989 സപ്തംബറിലെ ശിലാന്യാസത്തില്‍ അശോക് സിംഘലിനൊപ്പം ഉമാഭാരതി പങ്കെടുത്തു. ബിജെപിയുടെ എംപി എന്ന നിലയിലും യുവമോര്‍ച്ചയുടെ നേതാവെന്ന നിലയിലും ഉമാഭാരതി സമരം നയിച്ചു. മുലായം സിങ് അടച്ചുപൂട്ടിയ അയോദ്ധ്യയിലേക്ക് രാജമാതാ വിജയരാജെ സിന്ധ്യയോടൊപ്പമാണ് കര്‍സേവയ്ക്ക് പോയത്. രാജമാതായെ അവര്‍ ചിനാര്‍ ജയിലിലേക്ക് അയച്ചു, ഉമയെ ബന്ദ ഗസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ചു. കര്‍സേവയുടെ വാര്‍ത്തകള്‍ ഗസ്റ്റ് ഹൗസില്‍ ദൂരദര്‍ശനിലൂടെയാണ് കണ്ടത്. പോലീസ് അക്രമത്തില്‍ അശോക് സിംഘലിന് പരിക്കേറ്റു. അദ്ദേഹത്തെപ്പോലുള്ളവര്‍ ലാത്തികളെയും വെടിയുണ്ടകളെയും നേരിടുന്നു. എങ്ങനെ ഗസ്റ്റ് ഹൗസില്‍ ഇരിക്കാന്‍ കഴിയും. പുറത്തുകടന്നു. മുടി മുണ്ഡനം ചെയ്തു. കര്‍സേവകര്‍ക്കൊപ്പം ചേര്‍ന്നു. അയോദ്ധ്യയിലെത്തിയപ്പോള്‍ നവംബര്‍ രണ്ടിന്റെ രാമസങ്കീര്‍ത്തന ജാഥ നയിക്കണമെന്ന നിയോഗം കിട്ടി. ആ യാത്രയിലാണ് രാം, ശരത് കോഠാരി സഹോദരരുണ്ടായിരുന്നത്. അവര്‍ പക്ഷേ യാത്രയ്ക്കായി നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിപ്പോയിരുന്നു. ഹനുമാന് ഗഡിയിലേക്കുള്ള കുറുക്കുവഴിയില്‍ പോയ അവരുടെ നാമജപയാത്രയ്ക്ക് നേരെ വെടിവയ്പുണ്ടായി. കോഠാരി സഹോദരരടക്കം നിരവധി പേര് ബലിദാനികളായി.
ഉമ നയിച്ച ജാഥയ്ക്കുനേരെയും ലാത്തിച്ചാര്‍ജും കണ്ണീര് വാതകപ്രയോഗവും ഉണ്ടായി. ഉമയെ ഫൈസാബാദ് ജയിലില്‍ അടച്ചു. അടുത്ത ദിവസം, പ്രദേശത്തെ സ്ത്രീകള്‍ ജയില്‍ വളഞ്ഞു. ഭയന്നുപോയ അധികൃതര്‍ ഉമയെ നൈനി ജയിലിലേക്ക് മാറ്റി. കര്‍സേവ തുടരുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് വീണ്ടും കര്‍സേവ പ്രഖ്യാപിച്ചു.
ഡിസംബര്‍ അഞ്ചിന് തന്നെ ലക്ഷക്കണക്കിന് ആളുകള്‍ അയോദ്ധ്യയിലെത്തി. എല്ലാവരും രാമഭക്തര്‍. ഏതെങ്കിലും ഒരു സംഘടനയുടെ ആളുകള്‍ മാത്രമായിരുന്നില്ല അവര്‍. ആറിന് രാവിലെ, സാധ്വി ഋതംഭരയും ഉമാഭാരതിയും കര്‍സേവകരെ അഭിവാദ്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടു. രാമജന്മഭൂമിയില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന കെട്ടിടത്തിലായിരുന്നു പോഡിയം. ഡോ.മുരളി മനോഹര്‍ ജോഷി, എല്‍.കെ. അദ്വാനി, രാജമാതാ എന്നിവരും അവിടെയുണ്ടായിരുന്നു.
‘ഞാന്‍ സംസാരിക്കുമ്പോഴാണ് കര്‍സേവകര്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയത്. ഞാന്‍ പ്രസംഗം നിര്‍ത്തി. അദ്വാനി ജി മൈക്കിലൂടെ അവരോട് ഇറങ്ങിവരാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ, ആര്‍ത്തലയ്ക്കുന്ന ജയ് ശ്രീറാം വിളികള്‍ക്കിടയില്‍ ആരും അത് ശ്രദ്ധിച്ചതേയില്ല, ഉമാഭാരതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അഡീഷണല്‍ എസ്പി അഞ്ജു ഗുപ്ത, പ്രമോദ് മഹാജന് എന്നിവരോടൊപ്പം ഞാന്‍ കര്‍സേവകര്‍ക്ക് അരികിലേക്ക് പോയി. എന്നാല്‍ ജനക്കൂട്ടം ഞങ്ങളെ തടഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പോലീസിന്റെ വെടിയേറ്റ് മരിച്ച കോഠാരി സഹോദരന്മാരുടെ അമ്മ സുമിത്രാദേവി എനിക്കുമുന്നില്‍ കൈകള്‍ വിടര്‍ത്തി നിന്നു. ഈ കെട്ടിടമാണ് എന്റെ മക്കളെ ഇല്ലാതാക്കിയത്. അത് പോയേ തീരൂ എന്ന് ആ അമ്മ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അച്ചടക്കം പാലിക്കണമെന്ന ഞങ്ങളുടെ നിര്‍ദേശം ആരവങ്ങളില്‍ അലിഞ്ഞുപോയി. തര്‍ക്കമന്ദിരം നീങ്ങി. കല്യാണ്സിങ്സര്ക്കാരിനെ പിരിച്ചുവിട്ടെന്ന് കേട്ടു. ഞാന്‍ മടങ്ങിയില്ല. എവിടെയും അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ മാത്രം.
കര്‍സേവകരെ തടയാന്‍ നിയോഗിച്ച സിആര്‍പിഎഫ് ജവാന്മാര് ചെരുപ്പ് അഴിച്ച് നിലത്തുവീണ് ബാലകരാമനെ പ്രണമിക്കുന്നത് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു.
കര്‍സേവകരാണ് യഥാര്‍ത്ഥ പോരാളികള്‍. അവര്‍ അത് നീക്കിയിരുന്നില്ലെങ്കില്‍ പുരാവസ്തുവകുപ്പിന് ഖനനത്തിന് വഴിയൊരുങ്ങുമായിരുന്നില്ല. കേസില്‍ പ്രതിയായത് അഭിമാനമായാണ് ഞാന്‍ കാണുന്നത്. കര്സേവയ്ക്കിടയിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ ഇതിലും അഭിമാനത്തോടെ കാണുമായിരുന്നു. നോക്കൂ.. ഇപ്പോള്‍ എവിടെയും സമാധാനമാണ്. മോദിജി അത് അന്തസോടെ ചെയ്തു. ലോകത്തിന്റെ മുഴുവന്‍ ആദരവും അദ്ദേഹം രാമക്ഷേത്രത്തിനായി സമാഹരിച്ചു.
കലാപങ്ങളുടെ കാലം കഴിഞ്ഞു. 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് ശേഷം ഒരു കലാപവും ഉണ്ടായില്ല. 2019ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഒരു കലാപവും നടന്നില്ല. പ്രധാനമന്ത്രി ശിലാന്യാസത്തില്‍ പങ്കെടുത്തപ്പോള്‍ ഒരു കലാപവും ഉണ്ടായില്ല. പ്രാണപ്രതിഷ്ഠയില്‍ പക്ഷമില്ലാതെ ജനം ആഹ്ലാദിക്കുകയാണ്. രാമജന്മഭൂമിവിമോചനത്തിന് തടസം നിന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും സമൂഹത്തെ ഭിന്നിപ്പിക്കുകയും കലാപത്തിലേക്ക് നയിക്കുകയുമായിരുന്നു എന്ന് മാത്രമാണ് ഇതിന്റെ അര്‍ത്ഥം, ഉമാഭാരതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: