വാഷിംഗ്ടണ്‍ ഡിസി: യെമനില്‍ നിന്നുള്ള ഹൂതി വിമതര്‍ തെക്കന്‍ ചെങ്കടലിന് മുകളിലൂടെ 18 ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) അറിയിച്ചു. കഴിഞ്ഞ ഏഴാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വ്യാപാര ചാനലുകള്‍ക്ക് നേരെ സായുധ സംഘം നടത്തിയ 26ാമത്തെ ആക്രമണമാണിത്.
രണ്ട് കപ്പല്‍ വിരുധ ക്രൂയിസ് മിസൈലുകളും ഒരു കപ്പല്‍ വിരുധ ബാലിസ്റ്റിക് മിസൈലും തകര്‍ത്തതായി സെന്റ്കോം അറിയിച്ചു. സെന്റ്കോം യുകെ സേനയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ കഴിഞ്ഞ ദിവസമാണ് തെക്കന്‍ ചെങ്കടലിലേക്ക് മിസൈലുകള്‍ തൊടുത്തതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ 19ന് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഗ്യാലക്സി ലീഡര്‍ എന്ന ട്രക്ക് കാരിയര്‍ പിടിച്ചെടുത്തതിനു പിന്നാലെ ചെങ്കടല്‍ ഷിപ്പിംഗ് ചാനലുകളില്‍ ഹൂതികള്‍ 26 ആക്രമണങ്ങളാണ് നടത്തിയത്. ഇറാന് അനുകൂല ഗ്രൂപ്പായ ഹൂതി വിമതര്‍ ഇസ്രായേലിന്റെ ഗാസ സംഘര്‍ഷത്തിനുള്ള പ്രതികാരമായാണ് ആക്രമണം ആരംഭിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഇസ്രയേല്‍ ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: