തിരുവനന്തപുരം: മലയാളത്തിന്റെ ഗാനഗന്ധർവനായി അറിയപ്പെടുന്ന ഗായകൻ കെ. ജെ. യേശുദാസിന് ജനവരി 10 ബുധനാഴ്ച 84 വയസ് പൂർത്തിയാകും. ശതാഭിഷേക ആഘോഷങ്ങള്‍ യുഎസിലെ ടെക്സസിലെ ഡാലസിലുള്ള അദ്ദേഹത്തിലെ വീട്ടില്‍ നടക്കും.
കേരളത്തില്‍ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസ്കാരികസംഘടനകളും യേശുദാസ് ഗാനങ്ങള്‍ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കും.
അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ മൂകാംബികാ ദേവിയ്‌ക്ക് ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തും. എല്ലാ ജന്മദിനങ്ങളിലും മൂകാംബികാദേവീസവിധത്തില്‍ മക്കള്‍ക്കൊപ്പം സംഗീതാര്‍ച്ചന നടത്തുന്ന യേശുദാസ് കോവിഡിന് ശേഷം ഏതാനും വര്‍ഷങ്ങളായി മൂകാംബികയില്‍ എത്താറില്ല. വാസ്തവത്തില്‍ കോവിഡിനുശേഷം കേരളത്തിൽ തന്നെ അദ്ദേഹം എത്തിയിരുന്നില്ല.
പാലക്കാട്ടെ പ്രശസ്തമായ സ്വരലയ എന്ന സാംസ്കാരിക സംഘടന 84ാം ജന്മദിനത്തോടനുബന്ധിച്ച് 64 ഗായകര്‍ യേശുദാസിന്റെ ഗാനങ്ങള്‍ വീണ്ടും സ്റ്റേജില്‍ അവതരിപ്പിച്ചു. ഞായറാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. . 10 മണിക്കൂര്‍ നീണ്ട സംഗീതപരിപാടിയായിരുന്നു.
1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം.
പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 50,000ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും[5] എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. ശാസ്ത്രീയ സംഗീതത്തോട് അതും കർണ്ണാടക സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു. കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. ബാല്യകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീതവാസന പരിപോഷിപ്പിക്കാൻ അഗസ്റ്റിൻ ജോസഫ് വളരെയധികം അധ്വാനം ചെയ്തു.അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതർ എന്നു വിശേഷിപ്പിച്ചു തുടങ്ങി. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നും ആളുകൾ ആ ബാലനെ ലാളിച്ചു തുടങ്ങി. (അവലംബം: വിക്കിപീഡിയ)
കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്. (അവലംബം: വിക്കിപീഡിയ)
മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്‍റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പ്രഭയും സംഗീതജ്ഞയായിരുന്നു.പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷമാണ് (1977) ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാൽ (1981) എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. പിതാവിനെപ്പോലെ രണ്ടാമത്തെ മകനായ വിജയ് യേശുദാസും മലയാളത്തിലെ പ്രസിദ്ധ പിന്നണിഗായകനാണ്. (അവലംബം: വിക്കിപീഡിയ)
മലയാളം പോലെ തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും തരംഗം സൃഷ്ടിച്ചു.
ഹിന്ദിയിൽ പാടിയ ഗാനങ്ങളും എക്കാലത്തേയും ഹിറ്റുകളാണ്. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളിയെ സംബന്ധിച്ചിടത്തോളം യേശുദാസിന്റെ ആലാപനശൈലി ഒരു വിസ്മയം തന്നെയാണ്. കര്‍ണ്ണാടകസംഗീതത്തിലെ അടിത്തറയില്‍ അദ്ദേഹം അവതരിപ്പിച്ച പല സിനിമാഗാനങ്ങളും അവിസ്മരണീയമാണ്. അതുകൊണ്ട് തന്നെ ഒരു കാലത്ത് പാട്ടിന്റെ അവസാനവാക്കായി മലയാളി യേശുദാസിനെ കണ്ടു. ഇന്നും യേശുദാസിന്റെ പാട്ടുകേൾക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോകുക എന്നത് അസാധ്യമാണ്.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ ലഭിച്ചു. ഇനി ദാദാ ഫാല്‍ക്കെ പുരസ്കാരവും ഭാരതരത്നയും ആണ് ഭാരതത്തിന്റെ സിവിലിയന്‍ പുരസ്കാരങ്ങളില്‍ അദ്ദേഹത്തിന് അന്യമായിരിക്കുന്നത്. വൈകാതെ അവയും കൈവന്നേയ്‌ക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: