ക്രൈസ്തവസഭകളും ബിജെപി നേതൃത്വവും ചര്‍ച്ച നടത്തുകയും അടുക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്നത്? എല്ലാകാലവും ന്യൂനപക്ഷങ്ങളെ, ബിജെപി ഹിന്ദുത്വ പാര്‍ട്ടിയാണെന്നും ന്യൂനപക്ഷ വിരുദ്ധരാണെന്നുമുള്ള നുണപ്രചാരണം നടത്തി ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അവരുടെ വോട്ട് നേടി ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഇടതുമുന്നണിയും വലതുമുന്നണിയും കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹമല്ലേ?
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നിട്ട് 10 വര്‍ഷം തികയാന്‍ ഏതാനും മാസങ്ങള്‍ കൂടി മതി. നരേന്ദ്രമോദി അധികാരത്തിലെത്തും മുമ്പ് ഇടതുമുന്നണിയും വലതുമുന്നണിയും കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ എന്തെല്ലാമാണ് പറഞ്ഞത്. മോദി ന്യൂനപക്ഷ വിരുദ്ധനാണെന്നും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കും എന്നും മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കുമെന്നും പറഞ്ഞു. ഇന്ന് പറഞ്ഞതെല്ലാം വിഴുങ്ങി കണ്ണീരിന്റെ വക്കത്താണ് ഇരുമുന്നണികളും. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള യുപിയിലെ രാംപൂരില്‍ പോലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നു. ഒരുകാലത്ത് അയോധ്യയുടെ പേരില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ചിരുന്ന അന്തരീക്ഷത്തില്‍ നിന്ന് മാറി മുസ്ലീങ്ങള്‍ക്ക് വേണ്ടി അയോധ്യയില്‍ കേസുകൊടുത്ത പരാതിക്കാരന്‍ വരെ ശ്രീരാമക്ഷേത്രം നിര്‍മ്മാണത്തിനും അവിടുത്തെ പ്രാണ പ്രതിഷ്ഠയ്‌ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും വിമാനത്താവളം ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുഷ്പവൃഷ്ടി നടത്താനും തയ്യാറാകുന്ന സൗഹാര്‍ദ്ദത്തിന്റെ ചിത്രം പുതിയ ഭാരതത്തിന്റെതാണ്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ നാലു കോടിയിലേറെ വീടുകള്‍ വിതരണം ചെയ്തു, അപേക്ഷകരുടെ മതം ആരും പരിഗണിച്ചില്ല. കോടിക്കണക്കിന് ആളുകള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം എത്തി, ആരുടെയും മതം ചോദിച്ചില്ല. 10 കോടിയിലേറെ ആളുകള്‍ക്ക് ഉജ്ജ്വല യോജനയിലൂടെ സൗജന്യ ഗ്യാസ് കണക്ഷന്‍ എത്തി, ആരുടെയും മതം ആരും അന്വേഷിച്ചില്ല. കോടിക്കണക്കിന് ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരതിലൂടെ ചികിത്സാ സഹായം എത്തി, ആരുടെയും മതം അന്വേഷിച്ചില്ല. ഇത് മോദിയുടെ ഗ്യാരണ്ടിയുള്ള പുതിയ ഭാരതം. ആരോടും പ്രീണനം ഇല്ലാത്ത ഏതെങ്കിലും മതക്കാരെ വോട്ടു ബാങ്കായി കാണാത്ത പുതിയ ഭാരതം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സാധാരണക്കാരായ മുസ്ലീങ്ങള്‍ നെഞ്ചില്‍ കൈ വെച്ച് പറയുന്നു, നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തണം.
ഭാരതത്തിന്റെ മണ്ണില്‍ എത്തിയ എല്ലാ മതങ്ങളെയും രണ്ട് കയ്യും നീട്ടി സ്വീകരിച്ച് അവര്‍ക്ക് ആരാധനയ്‌ക്കും ജീവിതത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത പാരമ്പര്യമാണ് നമുക്കുള്ളത്. ലോകം മുഴുവന്‍ മതപീഡനം ഏറ്റുവാങ്ങിയ ജൂതസമൂഹം ഭാരതത്തിന്റെ മണ്ണില്‍ സുരക്ഷിതരായിരുന്നു. സൗരാഷ്‌ട്ര മതക്കാരായ പാഴ്സികളും ചൈനയുടെ അധിനിവേശത്തെ തുടര്‍ന്ന് ദലൈലാമയുടെ നേതൃത്വത്തില്‍ ബുദ്ധമതക്കാരും ഒക്കെ ഭാരതത്തിന്റെ മണ്ണില്‍ സ്വന്തം ജന്മനാട് പോലെ അലിഞ്ഞുചേര്‍ന്നു. ഇത് നമ്മുടെ പൈതൃകമാണ്, പാരമ്പര്യമാണ്, സംസ്‌കാരമാണ്. നമ്മള്‍ ലോകത്ത് ഒരിടത്തും മതത്തിന്റെ പേരില്‍ യുദ്ധം വെട്ടിയിട്ടില്ല. മതപരിവര്‍ത്തനം ചെയ്യാന്‍ പോയിട്ടില്ല. വിജ്ഞാനത്തിന്റെ പ്രഭാപ്രസരവുമായി ലോകം മുഴുവന്‍ ധൈഷണികതകൊണ്ട് കീഴടക്കാന്‍ പോയ ജ്ഞാനതപസ്വികളുടെ നാടാണ് ഭാരതം. സനാതനധര്‍മ്മത്തിന്റെ ഹിന്ദു പാരമ്പര്യത്തിന്റെ സത്ത മുഴുവനായി ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനും ഒന്നിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇവിടെ അറേബ്യയില്‍ നിന്ന് വന്നവരല്ല മുസ്ലീങ്ങള്‍. ഈ നാട്ടില്‍ നമ്മുടെ പൂര്‍വ്വപിതാക്കളുടെ മക്കളായി പിറന്നുവീണു യുദ്ധസമയത്തും മതപീഡനത്തിന്റെ കാലത്തും ഭയപ്പെടുത്തിയും ഭയപ്പെട്ടും മതം മാറിയവരാണ് അവര്‍. കാശ്മീരിലെ ഹിന്ദുക്കള്‍ മതം മാറി മുസ്ലീങ്ങളായ കഥ മറക്കരുത്. ഇതുതന്നെയാണ് ക്രിസ്ത്യാനികളുടെയും അവസ്ഥ. ഇവരെല്ലാവരും ഏഴോ എട്ടോ തലമുറ മുമ്പ് ഒരേ പൈതൃകത്തില്‍ ജനിച്ചുവളര്‍ന്ന് വിശ്വാസത്തിന്റെ പേരില്‍ ആരാധനാക്രമം മാത്രം മാറ്റിയവരാണ്. അവരെ നരേന്ദ്രമോദി അല്ലെങ്കില്‍ ബിജെപി ചേര്‍ത്തു നിര്‍ത്തുമ്പോള്‍ എന്തിനാണ് അതില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത്?
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയില്‍ നല്‍കിയ ക്രിസ്മസ് വിരുന്നില്‍ എല്ലാ ക്രിസ്തീയ മതമേലധ്യക്ഷന്മാരും പങ്കുചേര്‍ന്നു. പങ്കെടുക്കാന്‍ എത്തിയ മലയാളികളുടെ പ്രിയങ്കരിയായ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ് കായിക മേഖലയില്‍ പ്രധാനമന്ത്രി നടത്തുന്ന ഇടപെടലുകളെ കുറിച്ചും അദ്ദേഹത്തിന്റെ കാലത്ത് മത്സരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചും പറഞ്ഞു. മോദിയുടെ വിരുന്ന് കഴിഞ്ഞ ഉടന്‍ തന്നെ സാംസ്‌കാരിക മന്ത്രി സജി ‘ചൊറി’യാന്‍ പ്രതികരിച്ചു. കേക്കും മുന്തിരിയിട്ടു വാറ്റിയ വീഞ്ഞും കഴിച്ചപ്പോള്‍ മതമേലധ്യക്ഷന്മാര്‍ക്ക് രോമാഞ്ചം വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാംസ്‌കാരിക മന്ത്രിയുടെ സാംസ്‌കാരിക നിലവാരത്തെക്കുറിച്ച് നേരത്തെ തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ക്രിസ്തീയ മതമേലദ്ധ്യക്ഷന്മാര്‍ക്ക് വേണ്ടി വിരുന്നു നടത്തിയിരുന്നു. അതില്‍ രോമാഞ്ചം കൊണ്ടുവരാന്‍ എന്താണ് ചെയ്തതെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയാല്‍ നല്ലതാണ്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ രോമാഞ്ച കഥകള്‍ പുറത്തുള്ളവര്‍ക്കും നല്ല പോലെ അറിയാം. അതൊക്കെ പുറത്തുവരാന്‍ തുടങ്ങിയാല്‍ നല്ലതുപോലെ കഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സുഖിപ്പിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തോണ്ടാനും ചൊറിയാനും സജി ചെറിയാന്‍ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ കഴിഞ്ഞ മന്ത്രിസഭയിലെ പൈങ്കിളി മന്ത്രിക്കു പറ്റിയ അമളി സജി ചെറിയാനും പറ്റും.
സജി ചെറിയാന് പിന്നാലെ സിപിഐയിലെ പുതിയ രാജാവ് ബിനോയ് വിശ്വമാണ് രംഗത്തുവന്നത്. മലബാറില്‍ പുതിയാപ്പിളമാര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. പുതിയതായി സ്ഥാനമേറ്റ ഉടന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ആണോ അതോ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട സ്വന്തം ഭാര്യയുടെ അടുത്ത് ജാഡ കാണിക്കാന്‍ ആണോ എന്നറിയില്ല, സംഘപരിവാറിനെയാണ് അദ്ദേഹം ആദ്യം ലക്ഷ്യമിട്ടത്. വിചാരധാര വായിക്കാനാണ് ക്രൈസ്തവ സഭകളോട് അദ്ദേഹം ആവശ്യപ്പെട്ടത്. വിചാരധാര ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വര്‍ക്കറുടെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ്.
സ്വാതന്ത്ര്യത്തിനു മുമ്പ് അന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് അതത് സമയത്ത് നടത്തിയ ലേഖനങ്ങളില്‍ ക്രൈസ്തവരും ഇസ്ലാം മതക്കാരും ഭാരതത്തെ തങ്ങളുടെ മതത്തിന്റെ രാഷ്‌ട്രമാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം കമ്മ്യൂണിസം എന്ന പ്രസ്ഥാനത്തിന്റെ ഭയചകിതമാക്കുന്ന സംവിധാനത്തെ കുറിച്ചും പറയുന്നുണ്ട്. അതിന്റെ പേരില്‍ ഇന്നത്തെ ബിജെപി സംഘപരിവാര്‍ നേതൃത്വത്തെയും നരേന്ദ്രമോദിയേയും കുറ്റം പറയാനും ഹിന്ദുക്കളെയും ക്രൈസ്തവരെയും തമ്മില്‍ തല്ലിക്കാനും ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണ്. ബിനോയ് വിശ്വം മാത്രമല്ല, എല്ലാ സിപിഐക്കാരും കമ്മ്യൂണിസ്റ്റുകാരും വിചാരധാര വായിക്കണം. സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍, മഹര്‍ഷി അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗവും അദ്ദേഹത്തിന്റെ സാവിത്രി അടക്കമുള്ള കൃതികളും വായിക്കണം. ആര്‍.സി മജുംദാറിന്റെ ഇന്ത്യാ ചരിത്രവും എ.എല്‍ ബാഷിമിന്റെ ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യയും എസ്. ധരംപാലിന്റെ ബ്യൂട്ടിഫുള്‍ ട്രീയും യോഗാനന്ദ പരമഹംസന്റെ ഒരു യോഗിയുടെ ആത്മകഥയും ഒക്കെ വായിക്കണം. അങ്ങനെയേ ഭാരതത്തെ അറിയാന്‍ കഴിയുകയുള്ളൂ.
ഭാരതത്തിലെ ക്രൈസ്തവ സമൂഹവുമായി ഹിന്ദുസമൂഹത്തിനുള്ള ഏക വിയോജിപ്പ് മതപരിവര്‍ത്തനമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓശാന മൗണ്ടില്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ആയ കെ.എസ് സുദര്‍ശന്‍ജിയുമായി നടത്തിയ ചര്‍ച്ച ഈ പ്രശ്നത്തിന് പരിഹാരം കാണാനായിരുന്നു. അന്ന് മധ്യസ്ഥത വഹിച്ച ജസ്റ്റിസ് കെ ടി.തോമസ് ചര്‍ച്ച സമാഹരിച്ചുകൊണ്ട് മുന്നോട്ടുവെച്ച ഏക നിര്‍ദ്ദേശം മതപരിവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു. ഇക്കാര്യത്തില്‍ ബിനോയ് വിശ്വത്തിന്റെ അഭിപ്രായം എന്താണ്? സ്വന്തം മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്നതിന് പകരം ഇരപിടിക്കാന്‍ എത്തുന്ന കഴുകന്മാരെ പോലെ ചോളപ്പൊടിയും ഗോതമ്പും കൊടുത്ത് മതപരിവര്‍ത്തനം നടത്തുന്നത് ഈ അത്യാധുനിക കാലത്തും ഭൂഷണമാണെന്ന് കരുതുന്നുണ്ടോ? സിപിഐയുടെ ഒരു ഇരട്ടത്താപ്പ് കൂടി ചൂണ്ടിക്കാണിച്ച് അവസാനിപ്പിക്കാം.
ഡോക്ടര്‍ നല്ലതമ്പി തേര വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടാന്‍ സുപ്രീംകോടതിയില്‍ വരെ പോരാട്ടം നടത്തി. ഭൂമി വീണ്ടെടുത്ത് വിട്ടുകൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ അതിനെതിരെ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചാണ് നിയമം കൊണ്ടുവന്നത്. കെ.ആര്‍ ഗൗരിയമ്മ മാത്രമാണ് ആ നിയമത്തിനെതിരെ നിലപാടെടുത്തത്. ഇപ്പോള്‍ റവന്യൂ വകുപ്പ് സിപിഐയുടെ കയ്യിലാണ്. ആദിവാസികളുടെ ഭൂമി വീണ്ടെടുത്ത് തിരിച്ചു നല്‍കാന്‍, ഭൂമി വീണ്ടെടുക്കല്‍ നിരോധന നിയമം റദ്ദാക്കാന്‍, പാവപ്പെട്ട വനവാസികള്‍ക്ക് ഒപ്പം നിലപാട് എടുക്കാനുള്ള ആര്‍ജ്ജവമോ തന്റേടമോ ബിനോയ് വിശ്വത്തിനും സിപിഐക്കും ഉണ്ടോ? ‘ചോത്തി’യായതുകൊണ്ട് മാത്രം സിപിഎമ്മില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന ഗൗരിയമ്മ കാട്ടിയ തന്റേടവും അന്തസ്സുമെങ്കിലും കാട്ടാന്‍ ആവുന്നില്ലെങ്കില്‍ സംഘപരിവാറിന്റെ മേല്‍ കുതിര കയറാന്‍ ബിനോയ് വിശ്വം ഇറങ്ങരുത്. തല്‍ക്കാലം കെ.ഇ അടക്കമുള്ളവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജിഹാദികള്‍ക്ക് ഒപ്പം കൂടുമ്പോള്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ മണ്ണും പെണ്ണും സംരക്ഷിക്കാനും ബിജെപിയുടെ കൂടെ കൂടിയേ കഴിയൂ. അതില്‍ ആശങ്കപ്പെട്ടിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: