മറയൂര്‍: തുടര്‍ച്ചയായുള്ള മഞ്ഞുവീഴ്ച്ചയും മഴയും കാരണം കാന്തല്ലൂര്‍ മലനിരകളില്‍ കുങ്കുമപ്പൂവിന്റെ വിളവ് കുറഞ്ഞു. ശീതകാല പഴം, പച്ചക്കറികളുടെ കേന്ദ്രമാണ് കാന്തല്ലൂര്‍.
കര്ഷകന് പെരുമലയില്‍ രാമമൂര്‍ത്തിയുടെ കുങ്കുമപ്പൂ കൃഷിയാണ് ശക്തമായ മഞ്ഞുവീഴ്ച്ചയില്‍ പൂക്കാതെ നില്‍ക്കുന്നത്. കിലോയ്ക്ക് 3 ലക്ഷം രൂപ വരെ വില ലഭിക്കുന്ന കുങ്കുമപ്പൂ കൃഷി കാന്തല്ലൂരില്‍ കഴിഞ്ഞവര്‍ഷമാണ് ആദ്യമായി ആരംഭിച്ചത്.
കശ്മീരില്‍ മാത്രം വിളയുന്ന കുങ്കുമപ്പൂ കേരളത്തില്‍ ആദ്യമായി നവംബറില്‍ വിളവെടുത്തു. ആദ്യ പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ടാമതും കൃഷിയിറക്കിയത്. പിന്നാലെ മുഖ്യമന്ത്രിയടക്കം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. തണുത്ത കാലാവസ്ഥയും മൂടല്‍മഞ്ഞും ഉള്‍പ്പെടെയുള്ള കാന്തല്ലൂരിലെ പ്രത്യേക കാലാവസ്ഥയാണ് കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഇതില്‍ മാറ്റം വന്നതാണ് കൃഷിക്ക് തിരിച്ചടിയായത്. ഇടുക്കി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് 2023 ആദ്യം കാന്തല്ലൂരില്‍ കുങ്കുമപ്പൂ കൃഷി പരീക്ഷിച്ചത്, എന്നാല്‍ ഇതും കാലാവസ്ഥാ വ്യതിയാനത്തില്‍ വിളവെടുക്കാന്‍ കഴിഞ്ഞില്ല.
ഈ പരീക്ഷണം നിര്‍ത്താതെ തട്ടുതട്ടായുള്ള സ്ഥലത്തും പോളിഹൗസിലുമായി രണ്ട് സ്ഥലങ്ങളില്‍ കൃഷി ചെയ്തപ്പോള്‍ പിന്നീട് നല്ല രീതിയില്‍ വിളവും ലഭിച്ചു. കശ്മീരില്‍ ഉണ്ടാകുന്നതിനെക്കാള്‍ നിറവും വലിപ്പവും പെരുമലയില്‍ വിളയിച്ചെടുത്ത കുങ്കുമപ്പൂവിനുണ്ട്. ഇപ്പോള്‍ ഒരുമാസമായി മഞ്ഞുവീഴ്ച് തുടരുന്നതിനാലാണ് വിളവ് കുറഞ്ഞിരിക്കുന്നതെന്നും എന്നാല്‍ ചെടികള്‍ക്ക് നല്ല വളര്ച്ചയുണ്ടന്നും രാമമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: