കൊല്‍ക്കത്ത: റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ‘പ്രത്യേക നിര്‍ദേശം’ നല്‍കി പശ്ചിമ ബംഗാള്‍ ഗവര്‍ണർ സി.വി. ആനന്ദ ബോസ്. ബംഗാള്‍ സര്‍ക്കാരിനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. രാജ്ഭവനിലെ ‘പീസ് റൂമി’ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്.
ഷാജഹാന്‍ ഷെയ്ഖിന് രാഷ്‌ട്രീയക്കാരുടെ പിന്തുണയും ചില പോലീസുകാരുടെ ഒത്താശയുമുള്ളതായി രാജ്ഭവനിലെ പീസ് റൂമില്‍ പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെ ഉടന്‍ അറസ്റ്റ് ചെയ്യാനും അക്കാര്യം അറിയിക്കാനും ഗവര്‍ണര്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. ഇയാളെ കിട്ടിയില്ലെങ്കില്‍ എവിടെയാണെന്ന് ഉടന്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കണം. ഷാജഹാന്‍ ഷെയ്ഖിന്റെ ഭീകരബന്ധം അന്വേഷിക്കണം എന്നാണ് ലഭിച്ച പരാതി.’ -ബംഗാള്‍ രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ പരിശോധനയ്‌ക്കായി എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ആയിരത്തോളം പേരാണ് ഷാജഹാന്‍ ഷെയ്ഖിന്റെ വീടിന് സമീപത്ത് വെച്ച് ഇ.ഡി. സംഘത്തെ ആക്രമിച്ചത്. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പണവും തട്ടിയെടുക്കുകയും ചെയ്തതായി ഇ ഡി പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ പോലീസ് മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടിലേക്ക് പരിശോധനയ്‌ക്കായി പോയത്.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ഇ ഡി ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്. ഇവര്‍ ചികിത്സയിലാണ്. ഇതിനിടെ ഷാജഹാന്‍ ഷെയ്ഖിനെതിരെ ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷാജഹാന്‍ ഷെയ്ഖ് രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും ബിഎസ്എഫിനും നോട്ടീസ് വിതരണം ചെയ്തിട്ടുണ്ട്. ഇ ഡി ഉദ്യോഗസ്ഥരെ തന്റെ വസതിക്ക് സമീപം ആക്രമിച്ചതിന് ശേഷം ഷെയ്ഖ് ഒളിവിലായിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: