പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ രാജ്യത്തെ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് സങ്കല്പ് യാത്ര പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പാവങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനത്തില്‍ ലോകോത്തര നിലവാരം ഉറപ്പാക്കി. 2014 ല്‍ രാജ്യത്ത് 74 വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നത് ഇന്ന് 150ലേറെ ആയി വര്‍ദ്ധിച്ചു. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലൂടെ റെയില്‍വേ വികസന കുതിപ്പ് നടത്തുന്നു.
11 കോടിയിലേറെ വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിച്ചു നല്കി. പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴില്‍ നാല് കോടിയിലേറെ വീടുകള്‍ നിര്‍മ്മിച്ചു. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചു. മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഇതിന്റെ എല്ലാം പ്രയോജനം സാധാരണക്കാര്‍ക്കാണ് ലഭ്യമായതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ലഭിച്ച ഗുണഭോക്താക്കള്‍ അതിന്റെ പ്രചാരകരായി മാറണമെന്നും വികസിത് ഭാരത് യാത്രയിലൂടെ ഉദ്യോഗസ്ഥര്‍ സേവനങ്ങളുമായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഷൊര്‍ണ്ണൂര്‍ റീജ്യണല്‍ മാനേജര്‍ അനു രഘുരാജന്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചീഫ് ജനറല്‍ മാനേജര്‍ രാജേന്ദ്രന്, വാണിയംകുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പ്രസീദ, സുബ്രഹ്മണ്യന്, പ്രസാദ്, ആശാ ദേവി, ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു.
ഉജ്ജ്വല യോജന, എന്‍.യു.എല്‍.എം, പിഎം സ്വനിധി എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. തോല്‍പ്പാവക്കൂത്ത് കലാകാരന് പത്മശ്രീ രാമചന്ദ്ര പുലവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനക്കു കീഴില്‍ സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: