ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ജല്‍ ശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ (ജനുവരി 4) ഗോവയിലെത്തും.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ജല്‍ ജീവന് മിഷന് നടത്തുന്ന പ്രവര്‍ത്തനം വിലയിരുത്തുന്ന അദ്ദേഹം നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) പ്രധാന സംരംഭമായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി വിശ്വകര്‍മ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
‘ഗുരു സമ്മാനം’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പിഎം വിശ്വകര്‍മ കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 4ന് രാവിലെ 11:15 ന് മര്‍ഗോവിലെ രവീന്ദ്ര ഭവനില്‍ നടക്കും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാവും. സംസ്ഥാനത്തെ യുവ ഇന്ത്യക്കാരുടെ പരിശീലനവും നൈപുണ്യവും സംബന്ധിച്ച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങള്‍ കൈമാറും.
തുടര്‍ന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചിക്കലിം ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ജല്‍ ജീവന് മിഷന് പദ്ധതിയുടെ നടത്തിപ്പ് പുരോഗതി പരിശോധിക്കും. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി മന്ത്രി പോര്‍വോറിമില്‍ ചര്‍ച്ച നടത്തും. ജലവിതരണ മേഖലയില്‍ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ സംയോജിപ്പിച്ച് കൊണ്ട് ഏവര്‍ക്കും സുരക്ഷതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് അനുകരിക്കാവുന്ന മാതൃക സൃഷ്ടിക്കുന്നതിന്റെ സാദ്ധ്യതകള്‍ അവലോകനം ചെയ്യും. 2019ല്‍ ജല്‍ ജീവന് മിഷന് ആരംഭിച്ച് 10 മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ‘ഹര് ഘര്‍ ജല്‍’ യാഥാര്‍ഥ്യമാക്കിയ സംസ്ഥാനമാണ് ഗോവ.
2019 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജല്‍ ജീവന് മിഷന്, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ശുദ്ധജലം ടാപ്പിലൂടെ സ്ഥിരമായി വിതരണം ഉറപ്പാക്കുന്നു. ബിഐഎസ് 10500 ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ ഗ്രാമീണ കുടുംബത്തിനും പ്രതിദിനം കുറഞ്ഞത് 55 ലിറ്റര്‍ കുടിവെള്ളം നല്‍കാനാണ് മിഷന് ലക്ഷ്യമിടുന്നത്. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയ ഗോവ, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം, ഇതര ആവശ്യങ്ങള്‍ക്ക് വേണ്ട ജലം എന്നിവയുടെ മൗലികാവകാശം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി വേറിട്ടുനില്ക്കുന്നു. സാങ്വെം, കുര്ചോറെം, ദബോലിം മേഖലകളില്‍ പര്യടനം നടത്തുന്ന രാജീവ് ചന്ദ്രശേഖര്‍ യുവജനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, മുതിര്‍ന്ന പൗരന്മാര്, പ്രാദേശിക ജനപ്രതിനിധികള്‍ മുതലായവരുമായി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: