ക്രൈസ്തവ പുരോഹിതന്മാരെ പരസ്യമായി അവഹേളിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രംഗത്തുവന്നതില്‍ ഈ മന്ത്രിയുടെ സ്വഭാവവും മതവിശ്വാസികളോടുള്ള സിപിഎമ്മിന്റെ പൊതുസമീപനവും അറിയാവുന്നവര്‍ക്ക് അതിശയം തോന്നില്ല. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും, മുന്തിരിവാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമാണ് പുന്നപ്രയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സജി ചെറിയാന് പ്രസംഗിച്ചത്. ഇരിക്കുന്ന പദവിയുടെ ഔന്നത്യം നോക്കി സംസാരിക്കുന്നയാളല്ല താനെന്ന് മന്ത്രി സജി ചെറിയാന് ഇതിനു മുന്‍പ് പലതവണ തെളിയിച്ചിട്ടുള്ളതാണ്. പറഞ്ഞത് വിഴുങ്ങാനും മാറ്റിപ്പറയാനുമൊന്നും മടിയില്ലാത്തയാളുമാണ്. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് വകുപ്പില്‍ പോലും മാറ്റമില്ലാതെ മന്ത്രിസഭയില്‍ തിരിച്ചെത്താനായത്. മുഖ്യമന്ത്രിയുടെ പിന്‍ബലമുള്ളതിനാല്‍ എന്തും പറയാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു കരുതുന്ന ചെറിയാന് ആരെ ആക്ഷേപിക്കാനും മടിയില്ല. പിണറായിയുടെ സഹായത്തോടെ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി പിടിച്ചെടുത്ത ഈ നേതാവ് വി.എസ്. അച്യുതാനന്ദനും ജി. സുധാകരനും മറ്റുമെതിരെ നടത്തിയിട്ടുള്ള തരംതാണ വിമര്‍ശനങ്ങള്‍ ഇതിന് തെളിവാണ്. പാര്‍ട്ടിക്കതീതമായി തനിക്കൊപ്പം നില്ക്കുന്ന ഒരു സംഘത്തെ വളര്‍ത്തിയെടുത്താണ് സജി ചെറിയാന് മറ്റുള്ളവര്‍ക്കുമേല്‍ കുതിരകയറുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ക്രൈസ്തവ പുരോഹിതന്മാരെ അവഹേളിക്കാനും മുതിര്‍ന്നിരിക്കുന്നത്.
സിപിഎമ്മും മറ്റും നടത്തുന്ന കുപ്രചാരണങ്ങളെ അവഗണിച്ച് ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടും ആഭിമുഖ്യം പുലര്‍ത്തുന്നതാണ് സജി ചെറിയാനെപ്പോലുള്ളവരെ പ്രകോപിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ ഓര്‍ത്തഡോക്സ് സഭയുടെ പുരോഹിതനടക്കം അന്‍പതോളം പേര് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്‍ഡിഎ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹസംഗമത്തില്‍ ബിജെപി അംഗത്വമെടുത്ത ഇവരെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി. സിപിഎം അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചിരുന്നവരാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന യജ്ഞത്തില്‍ ആകൃഷ്ടരായി ബിജെപിയിലെത്തിയത്. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ദേശീയതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയിലേക്ക് വന്നത്. ഇതാണ് സജി ചെറിയാന് ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള അടിയന്തര പ്രകോപനമെന്നു തോന്നുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തൃശൂരിലെ മഹിളാ സംഗമത്തില്‍ വന്‍തോതില്‍ ക്രൈസ്തവ പങ്കാളിത്തമുണ്ടാകുമെന്നു മുന്‍കൂട്ടിക്കണ്ട് ക്രൈസ്തവ മത നേതൃത്വത്തെ ഭീഷണിപ്പെടുത്താനുള്ള സിപിഎമ്മിന്റെ ദുഷ്ടലാക്കാണ് സജി ചെറിയാന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന തൃശൂര്‍ മണ്ഡലത്തില്‍ പ്രബലശക്തിയായ ക്രൈസ്തവരെ പാര്ട്ടിക്കെതിരാക്കുകയെന്നതാണ് ഇതിലെ തന്ത്രം.
ക്രൈസ്തവ മത ന്യൂനപക്ഷത്തെ ദ്രോഹിക്കുകയെന്നതും, ആ മതനേതൃത്വത്തെ നിന്ദിക്കുകയെന്നതും ബിജെപിയുടെ നയമല്ല. ക്രൈസ്തവ പുരോഹിതന്മാരെ നികൃഷ്ടജീവികളെന്നും മറ്റും വിളിച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ എല്ലാക്കാലത്തും രാജ്യത്തുണ്ടായിട്ടുണ്ട്. ഇതില്‍ പലതും ഒറ്റപ്പെട്ട സംഭവങ്ങളും പര്‍വതീകരിച്ച് കാണിച്ചിട്ടുള്ളവയുമാണ്. ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യത്തില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. മണിപ്പൂരിലേത് ക്രൈസ്തവ-ഹിന്ദു സംഘര്‍ഷമല്ലെന്നും, അത് ഗോത്രങ്ങള്‍ തമ്മിലെ സംഘര്‍ഷമാണെന്നും ഉത്തരവാദിത്വപ്പെട്ട ക്രൈസ്തവ മതനേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ കേരളത്തിലടക്കം മതന്യൂനപക്ഷ വോട്ടുബാങ്കിനെ ആകര്‍ഷിച്ചുനിര്‍ത്താന്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിന്റെ പേരില്‍ കുപ്രചാരണം നടത്തുകയാണ്. ഈ കെണിയില്‍ വീഴാതിരിക്കാനുള്ള വിവേകം വിവിധ ക്രൈസ്തവ മത നേതൃത്വത്തിനുണ്ട്. അത് അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ക്രിസ്മസിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നുസല്ക്കാരത്തില് രാജ്യത്തെ ക്രൈസ്തവ മതമേധാവികള്‍ പങ്കെടുക്കുകയുണ്ടായി. കലവറയില്ലാത്ത സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പ അധികം വൈകാതെ ഭാരതം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. ഇതിന്റെയൊക്കെ അനുരണനങ്ങള്‍ കേരളത്തിലുണ്ടാവരുതെന്ന നിക്ഷിപ്ത താല്‍പ്പര്യമാണ് സിപിഎമ്മിനുള്ളത്. മതസ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവുമെന്നു വരുമ്പോഴാണ് അന്തരീക്ഷം കലുഷിതമാക്കാന്‍ സിപിഎം നോക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്തുകൊണ്ടുള്ള ഈ വിദ്വേഷ രാഷ്ട്രീയത്തെ കരുതിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: