ഏറെ വികാരം കൊള്ളിക്കുന്ന, വിചാരം ചെയ്യിക്കുന്ന ഒരു ഗീതമുണ്ട്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളില്‍ പാടുന്ന ഗണഗീതമാണ്; തുടങ്ങുന്നതിങ്ങനെയാണ്- ”ശപഥമതു ചെയ്യാനെളുപ്പം, പൂര്‍ണമാക്കുവതെത്ര കഠിനം, സാധനാപഥമെത്ര കഠിനം…” ഗണഗീതങ്ങളും വ്യക്തിഗീതങ്ങളും ഒന്നാംതരം കവിതകളാണ്. ഒരുപക്ഷേ, പ്രശസ്ത കവികളില്‍ പലരുടെയും കവിതകളേക്കാള്‍ കൂടുതല്‍ ആളുകള്‍ പാടുന്ന, ഇതരഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന, അനുവാചകര്‍ മനപ്പാഠമാക്കുന്ന ഗീതങ്ങള്‍ ഇവയാണ്. എന്നാല്‍, കൗതുകകരമെന്നു പറയട്ടെ, ഈ ഗീതങ്ങള്‍ രചിച്ചത് ആര് എന്നത് അജ്ഞാതമാണ്. കവിതകള്‍ക്കാണ്, രചയിതാവിനല്ല പ്രാധാന്യം. രചയിതാവ് അറിയപ്പെടാനാഗ്രഹിക്കുന്നില്ല. അതിനായി പ്രചാരണം നടത്തുന്നില്ല. വിവിധ ഭാഷകളിലെ ഗണഗീതങ്ങള്‍ സമാഹരിച്ചാല്‍ ഒരേ ലക്ഷ്യത്തില്‍, ഒരേ സങ്കല്‍പ്പത്തില്‍, ഒരേ വിഷയത്തില്‍ രചിച്ച കവിതകളുടെ വൈവിധ്യവും, ഉക്തി വൈചിത്ര്യവും അലങ്കാരാദി കാവ്യ പ്രഭാവവും രചനാവൈഭവവും കൊണ്ട് ലോകത്തെ ഏത് കാവ്യ ശാഖയേയും പിന്നിലാക്കുന്നതാകും; വലുപ്പം കൊണ്ടും. അവ ഓരോന്നും ലക്ഷ്യം കുറിച്ച്, മാര്‍ഗ്ഗം വിവരിച്ച്, ഉദാഹരണങ്ങള്‍ പറഞ്ഞ് പ്രചോദിപ്പിക്കുന്നവയാണ്. പ്രത്യേക പഠനം തന്നെ ഈ വിഷയത്തില്‍ നടത്താവുന്നതാണ്, നടത്തേണ്ടതാണ്. അജ്ഞാതരായ ആ കവികള്‍ക്ക് പ്രണാമങ്ങള്‍.
അത്തരം കവിതായുതങ്ങളില് ഒന്നിന്റെ തുടക്കമാണ് മുകളില്‍ ചേര്‍ത്തത്. ശപഥങ്ങള്‍ പുതിയത് എടുക്കുകയും മുമ്പ് എടുത്ത ശപഥങ്ങള്‍ പുതുക്കുകയും ചെയ്യുന്ന നവവര്ഷാഘോഷത്തിലെ പതിവ് ചടങ്ങുകളെക്കുറിച്ചുള്ള ചിന്തയാണ് ഗണഗീതത്തിലെത്തിച്ചത്. ഓരോ ‘ഹാപ്പി ന്യൂ ഇയറിലും’ കാണാം ആഘോഷങ്ങളിങ്ങനെ. പുതുവര്‍ഷം മുതല്‍ പുതു മനുഷ്യനായി മാറാനുള്ള പരസ്യ പ്രഖ്യാപനം ചിലര്‍ നടത്തും. ന്യൂ ഇയര്‍ റസല്യൂഷന്‍ എന്നാണ് വിളിപ്പേര്. പലപ്പോഴും അത് പ്രതിജ്ഞയോ ശപഥമോ ഒക്കെ ആവുകയാണ് പതിവ്. വര്ഷാന്തരാത്രിയില്, അര്‍ദ്ധരാത്രി കഴിക്കാന്‍ മറ്റു പലതും കഴിച്ച്, ബോധാബോധ വരമ്പിലൂടെ, ഞരമ്പു ക്ഷയിച്ച, നാഡി തളര്‍ന്ന, മനസും ശരീരവും രണ്ടു ദിശയിലായിക്കഴിയുന്ന സ്ഥിതിയിലാവും പലരുടേയും പ്രതിജ്ഞ. ആ സ്ഥിതിക്ക് കാരണമായ വസ്തുവിനെ ഉപേക്ഷിക്കുന്നുവെന്നായിരിക്കും ‘റസല്യൂഷന്‍.’ പക്ഷേ, പിറ്റേന്ന് അങ്ങനെയൊരു ശപഥം ചെയ്തതായി ഓര്‍മ്മ പോലും ഉണ്ടാവില്ല ചിലര്‍ക്ക്. അല്ലെങ്കില്‍ ഓര്‍മ്മയില്ലെന്ന് ഭാവിച്ചുകളയും. പുതുവര്‍ഷം പിന്നെയും മുന്‍ വര്‍ഷം പോലെ. ഗീതത്തിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നത് അതാണ്: ശപഥം എളുപ്പമാണ്, സാധ്യമാക്കാനും, അതിനുള്ള വഴിയും കഠിനമാണ്.
ദൃഢനിശ്ചയത്തോടെ ഒരു ലക്ഷ്യം പ്രഖ്യാപിക്കലാണ് ശപഥം. അത് സ്വന്തം ഇച്ഛ പ്രകാരം ചെയ്യും. ചിലപ്പോള്‍ മറ്റൊരാള്ക്കുവേണ്ടിയാകാം. സമൂഹത്തിനു വേണ്ടി, രാജ്യത്തിനു വേണ്ടി, സകല ജീവികുലത്തിനും വേണ്ടി ശപഥം ചെയ്യാം, വേണ്ടി വരാം. പക്ഷേ, അത് സാധിക്കാന്‍ കഠിനകണ്ടകാകീര്‍ണമായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് പ്രധാനം. ശപഥം, ആള്‍ക്കൂട്ടത്തില്‍ ആളാകാനുള്ള സൂത്രപ്പണിയാണെങ്കില് ഈ ആലോചനകള്‍ വേണ്ട.
പലകാലങ്ങളിലെ ശപഥങ്ങള്‍ പാലിച്ചതും അതിന് അനുഭവിച്ച കഠിന സാധനകളും വിവരിക്കുന്ന ഒട്ടേറെ ഇതിഹാസ-ചരിത്ര ശേഷിപ്പുകളുണ്ട്. മഹാഭാരതത്തില്‍ ശന്തനു മഹാരാജാവിന്റെ പുത്രന് ഗംഗാദത്തന്, അച്ഛന്റെ ആഗ്രഹ നിവൃത്തിക്കുവേണ്ടി, ഞാന്‍ വിവാഹം ചെയ്യില്ല എന്ന് ആജീവ ബ്രഹ്മചര്യം പ്രഖ്യാപിച്ച ശപഥത്തിലൂടെയാണ് ഭീഷ്മരായി വളര്‍ന്നത്. ആ ഭീഷ്മര്‍, അനന്തിരവന്മാര്‍ക്കു വേണ്ടി തട്ടിക്കൊണ്ടുപോന്ന അംബ, അംബിക, അംബാലിക മാരില്‍ അംബയുടെ ശപഥമുണ്ടായിരുന്നു, തന്റെ ആഗ്രഹവും അപേക്ഷയും തള്ളിയ, ജീവിതം തകര്‍ത്ത ഭീഷ്മരെ വധിക്കുമെന്ന ശപഥം. അത് സാധ്യമാക്കാന്‍ അംബ നടത്തിയ സാധനയുടെ ചരിത്രം അമ്പേ അതിശയിപ്പിക്കുന്നതാണ്. താന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം മരണമെന്ന വിശേഷ സ്ഥിതിയുണ്ടായിരുന്ന ഭീഷ്മരുടെ മരണകാരണമായ യുദ്ധത്തിലെ അമ്പ് കൊള്ളാന്‍ കാരണക്കാരിയായി അംബ വളര്‍ന്നത് ഒന്നിലേറെ ജന്മമെടുത്താണ്.
ആദികാവ്യമായ രാമായണത്തിലെ ശപഥങ്ങള്‍, പ്രതിജ്ഞകള്‍, വാഗ്ദാനങ്ങള്‍ എല്ലാം മാതൃകകളാണ്. അവയെല്ലാം പാലിക്കപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. കൈകേയിക്ക് ദശരഥന് കൊടുത്ത വാക്ക് പ്രതിജ്ഞയായി. അത് പാലിക്കാന്‍ മകന് ശ്രീരാമന് എടുത്ത ശപഥം ലോക ചരിത്രമായി. രാമന് നിര്‍വഹിച്ച ഓരോ കര്‍മ്മവും, അതിന് സ്വീകരിച്ച ഓരോ മാര്‍ഗ്ഗവും ധര്‍മ്മത്തിലൂന്നിയ ശപഥ സാധനകളായിരുന്നു. അവയെല്ലാം സ്വന്തം തീരുമാനങ്ങളും ലോകോപകാരകങ്ങളുമായിരുന്നു.
ചരിത്രത്തില്‍ ഒട്ടേറെ ശപഥങ്ങള്‍ ഇത്തരത്തില്‍ സാധിതമായിട്ടുണ്ട്. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച ബാലഗംഗാധര തിലകന്, പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ആഹ്വാനം ചെയ്ത ഗാന്ധിജി തുടങ്ങിയവരുടെ വിഖ്യാത പ്രതിജ്ഞകള്‍ അവരുടെ ‘ആളാകലി’നോ ആളെ ആകര്‍ഷിക്കാനോ ആയിരുന്നില്ല. സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയായിരുന്നുവല്ലോ. ഒരു ജനതയുടെ അഭിമാനം ഉയര്‍ത്താന്‍, അടിമത്തം അവസാനിപ്പിക്കാന്‍, ജനാഭിലാഷം നടപ്പാക്കാന്‍ ആയിരുന്നല്ലോ അത്. സ്വയം പ്രതിജ്ഞ സമൂഹത്തിന്റേതാക്കി, രാജ്യത്തിന്റേതാക്കി മാറ്റിയെന്നതാണ് അവരുടെ മഹത്വം.
വൈയക്തികമായ പ്രതിജ്ഞകള്‍ നടപ്പാക്കാന്‍ കഴിയാത്തവരുടെ കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മാതൃകകള്‍ ആകേണ്ടത് ഇവരൊക്കെയാണെന്നതാണ് ഓര്‍മ്മിക്കേണ്ടത്. നിശ്ചയമായും വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ പരമാവധിയാണ് അഭികാമ്യം. പക്ഷേ, അത് സമൂഹത്തിന്റെയും കൂടുതല്‍ വിശാലമായി രാഷ്ട്രത്തിന്റെയും താല്പര്യത്തില് അധിഷ്ഠിതമായിരിക്കുകയും വേണം. ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്റെ സുഖത്തിനാവണമെന്ന ഗുരുവരുളിന്റെ കാമ്പും ഇതാണ്. രാഷ്ട്രം എന്ന സംവിധാനത്തിലെ നയനിയമങ്ങളില് വ്യക്തിതാല്‍പ്പര്യങ്ങള്‍ പിന്തള്ളണമെന്നത് ഒരു സാമൂഹ്യ നിബന്ധനയാകുന്നതു പോലെ നമ്മുടെ ശപഥങ്ങളും ആ തീരുമാനങ്ങളും രാജ്യതാല്പര്യത്തിലേക്ക് ഗുണകരമാകണം എന്നതാവണം മാനദണ്ഡമെന്നു വരണം.
ഇന്നലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ ശ്രീരാമജന്മഭൂമിയിലെ ശ്രീ രാം ലാലയുടെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ പരിശോധിച്ചു. 2024 ജനുവരി 22 ന് പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അതിന് പിന്നിലും ചില ശപഥങ്ങളുടെ നടപ്പാക്കലുണ്ട്. അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയാണ്, അവിടെ ഭവ്യരാമക്ഷേത്രം ഉയരും ഉയര്‍ത്തും എന്ന് നടത്തിയ കോടിക്കണക്കിന് പേരുടെ ശപഥം. ‘മന്ദിര്‍ വഹാം ബനായേംഗേ’ എന്ന് 1990 ല്‍ എല്‍.കെ. അദ്വാനി നടത്തിയ പ്രഖ്യാപനം അങ്ങനെയാന്നായിരുന്നു, ന്യൂ ഇയര്‍ റസല്യൂഷന്‍ അല്ലായിരുന്നെങ്കിലും. രാമജന്മഭൂമിയില്‍ രാമക്ഷേത്രം എന്ന പ്രതിജ്ഞ എടുത്ത കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസസാഫല്യം കൂടിയാണ് അയോദ്ധ്യയില്‍ സംഭവിക്കാന്‍ പോകുന്നത്.
അതിന് സഹനത്തിന്റെ, സമരത്തിന്റെ, സമന്വയത്തിന്റെ പാതകളുണ്ടായി. അതിന്റെ ഫലമായി നിരന്തര തപസ്സുകളിലൂടെ സാധിതമാകുന്ന ക്ഷേത്രത്തിലൂടെ അയോദ്ധ്യ ഒരു വലിയ സംസ്കാര കേന്ദ്രം മാത്രമല്ല സാമ്പത്തിക വരുമാന ആസ്ഥാനം കൂടിയാകുകയാണ്. അവിടേക്ക് എത്താന്‍ പോകുന്ന സന്ദര്‍ശകരുടെ എണ്ണം, അതിലൂടെ ഒരു ദേശത്തിന്റെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടാന്‍ പോകുന്നത് രാജ്യത്തിനാകെ പാഠവും മാതൃകയുമാകാന്‍ പോകുകയാണ്.
ഡിസംബര്‍ 30 അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് രചിച്ച, ആധുനിക ലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മദിനമായിരുന്നു. ന്യൂദല്‍ഹിയില്‍ ഒരു തുഞ്ചന്‍ ദിനാഘോഷത്തില്‍ സംസാരിക്കവേ, എന്തുകൊണ്ട് തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ഭാഷാപിതാവായ എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യം കേള്‍വിക്കാരില്‍നിന്ന് ഉയര്‍ന്നു. സര്‍ക്കാരിന് എന്തുകൊണ്ട് ആ പ്രതിമ സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്ന് ചോദ്യം വന്നു. ഒറ്റവാക്യത്തില്‍ പറഞ്ഞത് ശപഥം ചെയ്യാത്തതുകൊണ്ട് എന്ന മറുപടിയായിരുന്നു. ന്യൂ ഇയര്‍ റസല്യൂഷനല്ല അത്, നമ്മുടെ സാംസ്കാരിക പ്രമേയമാകണം, അത് ഈ ന്യൂ ഇയറില്‍ എടുക്കണം, അടുത്ത പുതുവര്‍ഷത്തിനു മുമ്പ് നടപ്പിലാക്കണം. അത് ശപഥമാകട്ടെ, പ്രതിജ്ഞയാകട്ടെ. സാധ്യമാക്കാന്‍ കഠിനപ്രയത്നം ചെയ്യാം.
പിന്കുറിപ്പ്:
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തുറക്കുന്നത് സര്‍ക്കാര്‍ പരിപാടിയോ സ്വകാര്യ പരിപാടിയോ എന്ന് പഴയ, നിരോധിക്കപ്പെട്ട സംഘടനയായ സിമി നേതാവുകൂടിയായ കെ.ടി. ജലീലിന സംശയം. ഇനിയും സംശയമോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: