ആലപ്പുഴ: മന്ത്രിസഭ പുനസംഘടനയുടെ പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത്നല്‍കി.
രണ്ടര വര്‍ഷത്തിനുശേഷം എ.കെ. ശശീന്ദ്രന് രാജിവച്ച് മന്ത്രിസ്ഥാനം തനിക്ക് കൈമാറാമെന്ന് എന്‍സിപിയില്‍ ധാരണയുണ്ടായിരുന്നെന്ന് തോമസ് കെ തോമസ് അവകാശപ്പെട്ടു.
ഈ സാഹചര്യത്തില്‍ മുന്നണി നേതൃത്വം വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. എന്‍സിപിയില്‍ ആദ്യ രണ്ടര വര്‍ഷം ശശീന്ദ്രനും പിന്നീട് തനിക്കുമായി മന്ത്രിസ്ഥാനം പങ്കുവയ്ക്കാനായിരുന്നു ധാരണ. എന്നാല്‍ പി.സി. ചാക്കോ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ ഇതില്‍ മാറ്റം വരുത്തി. നേരത്തെയുളള ധാരണ പ്രകാരമുള്ള തീരുമാനം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വിനര്‍ ഇ.പി. ജയരാജന് കത്ത് നല്‍കിയത്.
രണ്ടര വര്‍ഷം പൂര്‍ത്തിയായതോടെ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ച ഒഴിവില്‍ കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് അവകാശവാദമുയര്‍ത്തി തോമസ് കെ തോമസ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: