അയോധ്യ: പിറന്ന മണ്ണില്‍ ബാലകരാമന് ഭവ്യക്ഷേത്രമുയരുന്നതിന്റെ ആഹ്ലാദത്തിന് കാശിയില്‍ മതഭേദമില്ല. കാശി മേഖലയിലെ നാലായിരത്തിലധികം വരുന്ന മുസ്ലിം സമൂഹമാണ് ഭഗവാന് രാമന് വേണ്ടിയുള്ള നിധിസമാഹരണത്തില്‍ പങ്കാളികളായത്. രണ്ട് കോടിയിലധികം രൂപയാണ് അവര്‍ രാമക്ഷേത്രത്തിനായി സമാഹരിച്ച് നല്‍കിയത്. ധനസമാഹരണത്തിലും സമര്‍പ്പണത്തിലും മാത്രമല്ല ആവേശം… കൈകളില്‍ ജയ് ശ്രീറാം ടാറ്റൂ അടിച്ച് നൂറ് കണക്കിന് മുസ്ലിം യുവാക്കളാണ് പ്രാണപ്രതിഷ്ഠയെ ആഘോഷമാക്കാന്‍ രംഗത്തുള്ളത്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ തര്‍ക്കം മുറുകുന്നതിനിടയിലാണ് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ ഒന്നടങ്കം, എല്ലാ ഭേദവും മറന്ന് അയോധ്യാരാമന്റെ മഹോത്സവത്തിന് തയാറെടുക്കുന്നത്.
അഭിമാനമാണ് രാമന് എന്ന് പ്രഖ്യാപിച്ചാണ് മുഗള്‍ സരായിലെ നിയമവിദ്യാര്‍ത്ഥിനി ഇഖ്റ അന്‍വര്‍ ഖാന് കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയത്. സുപ്രീംകോടതി വിധിക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസം കൈകളില്‍ അവള് ജയ് ശ്രീറാം എന്ന് പച്ച കുത്തി. സ്വയം സമ്പാദിച്ച പതിനോരായിരം രൂപ മഹാമണ്ഡലേശ്വര്‍ സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മുഖേന രാമക്ഷേത്ര നിര്‍മാണത്തിന് സമര്‍പ്പിച്ചു. വാരാണസിയില്‍ ഗംഗാനദിയുടെ പവിത്രത വീണ്ടെടുത്തതും കാശി വിശ്വനാഥ ദര്‍ശനത്തിന്റെ പ്രൗഢി വീണ്ടെടുത്തതും ഇപ്പോള്‍ അയോധ്യയില്‍ ബാലകരാമന് പ്രാണപ്രതിഷ്ഠ നടക്കുന്നതുമൊക്കെ ആവേശത്തോടെയല്ലാതെ കാണാനാവില്ലെന്ന് ഇഖ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാരാണസി നഗരത്തിലെ പ്രമുഖ അഭിഭാഷകനായ അന്‍വര്‍ഖാന്റെ മകളാണ് ഇഖ്റ.
സിഎഎയ്ക്കെതിരെ സ്വന്തം വിഭാഗത്തിലെ ഒരുകൂട്ടം ആളുകള്‍ സമരത്തിനിറങ്ങിയപ്പോള്‍ സപ്പോര്‍ട്ട് സിഎഎ എന്ന് കൈയില്‍ പച്ച കുത്തിയിരുന്നു ഇഖ്റ. ഞാന്‍ തികഞ്ഞ ഇസ്ലാം മതവിശ്വാസിയാണ്. അഞ്ച് നേരം നിസ്കരിക്കുന്നവള്‍. എന്നാല്‍ അതിന് എന്റെ സംസ്കാരം എന്തിന് മാറണം? അത് സനാതനമാണ്. ഗണേശനും രാമനും ലക്ഷ്മീദേവിയുമൊക്കെ അതിന്റെ അടയാളങ്ങളാണ്. എന്റെ വീട്ടില്‍ ഇവരെയൊക്കെ ആരാധിക്കാറുണ്ട്.
ശ്രീരാമന് എന്റെയും പൂര്‍വികനാണ്. നമ്മള് ഒരുമിച്ചാണ് ഈ ക്ഷേത്രം നിര്‍മിക്കുന്നത്. രാഷ്ട്രീയക്കാര്‍ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നമ്മള് അതില്‍ വീഴരുത്. ശ്രീരാമക്ഷേത്രം പൂര്‍ണമാകുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ എന്റെ രാമനെ കാണാന്‍ പോകും, ഇഖ്റ പറയുന്നു.
ജൗന്‍പൂരിലെ ഡോ. അബ്ദുള്‍ ഖാദര്‍ ഒരുലക്ഷത്തി പതിനോരായിരം രൂപയാണ് രാമക്ഷേത്രത്തിനായി സമര്‍പ്പിച്ചത്. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നത് രാജ്യത്തിന് അഭിമാനകരമാണൈന്ന് അദ്ദേഹം പറയുന്നു. സന്തോഷത്തിലും ദുഃഖത്തിലും സഹജീവികളാകേണ്ടവരാണ് മനുഷ്യര്‍. ഭാരതം എല്ലാ സമ്പ്രദായങ്ങളെയും ആരാധനകളെയും ആദരിക്കുന്ന നാടാണ്. ഇവിടെ ക്ഷേത്രവും പള്ളിയും വേര്‍തിരിക്കാന്‍ പാടില്ല, അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: