തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. 35 മൊഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുകയാണ് കെ സ്മാര്‍ട്ട് പദ്ധതി.
കേരളത്തിലെ എല്ലാ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ട. അപേക്ഷ ഓണ്‍ലൈന്‍വഴി നല്കിയാല് മതി. വിദേശത്തിരുന്നും വിവാഹ രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കും. സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ വഴി ലഭിക്കും.
ജനന മരണ രജിസ്ട്രേഷന്, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ് പെര്മിഷന് മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ ലഭ്യമാക്കും. കെ സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കാന്‍ കഴിയുക എന്ന വിവരം പൊതുജനങ്ങള്‍ക്ക് അറിയാം. തീരപരിപാലന നിയമ പരിധി, റെയില്‍വേ എയര്‍പോര്‍ട്ട് സോണുകള്‍, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാന്‍ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്കാന്‍ ചെയ്ത് വിവരങ്ങളെടുക്കാം. കെട്ടിടം എത്ര ഉയരത്തില്‍ നിര്‍മിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റര്‍ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും, മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: