കോഴിക്കോട്: ശ്രീരാമനാമസങ്കീര്ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംന്യാസിവര്യന്മാരുടെ ആശീര്‍വാദത്തോടെ കോഴിക്കോട് മഹാനഗരത്തില്‍ അക്ഷതവിതരണം. കോഴിക്കോട് മഹാനഗരത്തിലെ 134 തീര്‍ത്ഥകേന്ദ്രങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ അക്ഷതം ഏറ്റുവാങ്ങി. കോഴിക്കോട് മാതാഅമൃതാനന്ദമയി മഠത്തില്‍ നടന്ന ചടങ്ങ് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡലം അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഇത് കേവലം അക്ഷതമല്ലെന്നും അക്ഷയമായ ശ്രീരാമവീര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അനേകം പേരുടെ ബലിദാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് അയോദ്ധ്യ വീണ്ടെടുക്കാന്‍ കഴിഞ്ഞത്. അധിനിവേശ ശക്തികള്‍ നാടിന്റെ അസ്മിതയുടെ പ്രതീകങ്ങളെ തകര്‍ക്കുകയും സ്ഥലനാമങ്ങള്‍ മാറ്റം വരുത്തുകയും ചെയ്തു. രാഷ്ട്രം സ്വതന്ത്രമാകുമ്പോള്‍ അധിനിവേശ ശക്തികള്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ ഉണക്കേണ്ടതാണ്. എന്നാല്‍ ഭാരതത്തില്‍ അതുണ്ടായില്ല. ആ തെറ്റ് ഇപ്പോള്‍ തിരുത്തപ്പെടുകയാണ്. അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാതി ജിതാത്മാനന്ദസരസ്വതി (ചിന്മയ മിഷന്), സ്വാമി സത്യാനന്ദപുരി (ശാരദ അദൈ്വതാശ്രമം), ആര്‍എസ്എസ് പ്രാന്തീയ സഹബൗദ്ധിക് പ്രമുഖ് പി.പി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിദ്യാഭവന് അദ്ധ്യക്ഷന്‍ ആചാര്യ എ.കെ.ബി. നായര്‍ അദ്ധ്യക്ഷനായി.
ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്. മഹിപാല്‍ സന്നിഹിതനായിരുന്നു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്, വിഎച്ച്പി സംസ്ഥാന മാതൃശക്തി സഹസംയോജക സോന, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷന്‍ കെ.സി. സുജയന്‍, അക്ഷതവിതരണ സംയോജകന്‍ പി. ബൈജു എന്നിവര്‍ സംസാരിച്ചു. മാതാ അമൃതാനന്ദമയി മഠം സമിതിയുടെ ഭജനകീര്‍ത്തനം, ശ്രേഷ്ഠാചാരസഭ ആചാര്യന് എം.ടി. വിശ്വനാഥന്റെ നേതൃത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ എന്നിവയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: