കായംകുളം: സാധാരണ ദിവസം പോലെ തന്നെ, 2004 ഡിസംബര്‍ 26 എന്ന ദിവസവും കടന്നു വന്നു. എന്നാല്‍ ആ ദിവസം സങ്കടത്തിന്റെ ദിനമായിരുന്നു വിധിച്ചത് എന്ന് തീരദേശ വാസികള്‍ കരുതിയില്ല. ഏകദേശം പതിനൊന്ന് മണിയോടു കൂടി നാടിനെ നടുക്കിയ സുനാമി എന്ന ദുരന്തം പൊട്ടിപ്പുറപ്പെട്ടു. കടല്‍ ഉള്ളിലേയ്ക്ക് വലിഞ്ഞ് തിരികെ വന്‍ തിരമാലകള്‍ രൂപപ്പെട്ട് നിരവധി മനുഷ്യ ജീവനുകളും വീടുകളും കവര്‍ന്നെടുത്ത് കടല്‍ സംഹാര താണ്ഡവമാടി.
നിമിഷ നേരം കൊണ്ട് കര കടലായി മാറിയ മഹാദുരന്തത്തിന് ഇന്നലെ 19 വര്‍ഷം പൂര്‍ത്തിയായി. കുട്ടികള്‍ ഉള്‍പ്പെടെ 143 പേരുടെ ജീവനാണ് സുനാമി ദുരന്തത്തിലൂടെ കടല്‍ വിഴുങ്ങിയത്. പറയകടവ്, അഴീക്കല്‍, തറയില്‍ക്കടവ്, ആറാട്ടുപുഴ എന്നിവിടങ്ങളില്‍ ആണ് സുനാമി കൂടുതല്‍ ദുരന്തം വിതച്ചത്. സുനാമി ദുരന്തം ഉണ്ടായ കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്കുവാനും അടിയന്തര സഹായങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1400 കോടി രൂപയില്‍ പത്ത് ലക്ഷം വീതം ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നല്കി.
ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവാക്കിയതായി ആക്ഷേപം നിലനില്ക്കുന്നു. എന്നാല്‍ ദുരന്തമുഖത്ത് ഉള്ള തീരദേശവാസികള്‍ക്ക് പുനരധിവാസത്തിനായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ 1500ല്‍ പരം വീടുകള്‍ നിര്‍മ്മിച്ചു നല്കുകയുണ്ടായി. അന്ന് സംസ്ഥാനം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാരും, പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും സുനാമി ദുരന്തബാധിതര്‍ക്കായി യാതൊന്നും ചെയ്തില്ല.
അന്‍പതിനായിരം രൂപ വെച്ച് കഴിഞ്ഞ വര്‍ഷം കൊടുക്കുമെന്ന് പറഞ്ഞിട്ട് അതും വെള്ളത്തില്‍ വരച്ച വരപോലെയായി. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ തന്നെ സഹായങ്ങള്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്. തീരപ്രദേശങ്ങളില്‍ ഇതുവരെ കടല്‍ഭിത്തി നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: