കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച ഭഗവദ്ഗീത ആലാപന പരിപാടിയില്‍ ഒരേ സമയം ഭഗവദ്ഗീതയിലെ ശ്ളോകങ്ങള്‍ പാടിയത് ഒരു ലക്ഷം പേര്. ഏകദേശം 60,000 പേരാണ് ഒരേ സമയം പാഞ്ചജന്യം മുഴക്കിയത്.
പ്രധാനമന്ത്രി മോദിയും ചടങ്ങില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. “വിവിധ പ്രായക്കാര്‍ ഒരേ സമയം ഭഗവദ്ഗീത ആലപിക്കുന്നത് സമൂഹത്തില്‍ ഐക്യം വളര്‍ത്തും. രാജ്യത്തിന്റെ വികസനയാത്രയ്ക്ക് അത് ഊര്‍ജ്ജം പകരും.”- മോദി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഭഗവദ് ഗീത ആലപിക്കാന്‍ ഏകദേശം 1,20000 പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. അഖില ഭാരതീയ സംസ്കൃത പരിഷത്തും മോത്തിലാൽ ഭാരത് തീർഥ് സേവാ മിഷനും ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
“ലോകത്തിന് ഭാരതം നല്കിയ ഏറ്റവും വലിയ സമ്മാനമാണ് ഭഗവദ് ഗീത. ഈ പരിപാടിയെ പരിഹസിച്ചവര്ക്ക് ഹിന്ദുമതത്തിനോടും പാരമ്പര്യത്തോടും യാതൊരു സ്നേഹവുമില്ലാത്തവരാണ്. ഹിന്ദുവിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടും.”- ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.
‘ലോകോ കാന്തേ ഗീതാ പാത’ എന്ന പേരിട്ട ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പല പ്രായങ്ങളിലുള്ളവര്‍, എത്തിയത് കാവിയും വെള്ളയുമണിഞ്ഞാണ്. അക്ഷരാര്‍ത്ഥത്തില്‍ പരിപാടി നടക്കുന്ന ബ്രിഗേഡ് മൈതാനി കാവിക്കടലായി മാറുന്നത് കാണാമായിരുന്നു.
ഏറ്റവും കൂടുതല്‍ പേര് ഒരേ സമയം ഭഗവദ്ഗീത പാരായണം നടത്തി, കൂടുതല്‍ പേര് ഒരേ സമയം പാഞ്ചജന്യം മുഴക്കി തുടങ്ങി നിരവധി ലോക റെക്കോർഡുകളും ഈ പരിപാടി സ്വന്തമാക്കി. ബംഗാളിലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിരവധി നേതാക്കള്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: