ഡോ. തോമസ്. ജെ. നെറ്റോ
മെത്രാപ്പോലീത്ത, തിരുവനന്തപുരം ലത്തീന്‍ അതിരൂപത.
സ്നേഹം ഭൂമിയില്‍ പിറവികൊണ്ട ദിനത്തിന്റെ ഓര്‍മ്മയാണ് ക്രിസ്മസ്. മഞ്ഞുറഞ്ഞ പാതിരാവില്‍, മരംകോച്ചുന്ന തണുപ്പില്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍… എത്ര എളിമയിലും സാധാരണതയിലുമാണ് യേശു സ്നേഹമായി പിറവികൊണ്ടത്. ആരാണ് ക്രിസ്തു എന്ന ചോദ്യത്തിന് സ്നേഹത്തിന്റെ സുവിശേഷമാണ് ക്രിസ്തു എന്ന് ഉത്തരം. സ്നേഹമാണ് ക്രിസ്തുവിനെ മുഴുവനായും നയിച്ചത്. ജീവിതത്തെ, അതിന്റെ നൈരന്തര്യത്തെ ദൈവസ്നേഹത്തിന്റെ പ്രകാശത്തില്‍ ദര്‍ശിച്ചു. സ്നേഹവും സഹനവും സമാധാനവും നിറഞ്ഞതായിരുന്നു ആ ജീവിതയാത്ര.
മാനവകുലത്തോടൊപ്പം പ്രപഞ്ചവും ക്രിസ്തുവിന്റെ വരവിനെ എതിരേല്ക്കാന് അണിഞ്ഞൊരുങ്ങുന്ന ഈ അവസരത്തില്‍ മനുഷ്യരാകമാനം ആഗ്രഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പരസ്പര സ്നേഹത്തിനും വിശ്വസമാധാനത്തിനും വേണ്ടിയാണ്. കാരണം, ഇന്ന് നമ്മെ ഏറെ ആസ്വസ്ഥമാക്കുന്നത് ആദ്യ ക്രിസ്മസ് മനുഷ്യരാശിക്കു നല്കിയ ശാന്തിയും സ്നേഹവും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന സംഭവവികാസങ്ങളാണ്. അന്ധകാരത്തിലും അസ്വസ്ഥതയിലും ആഴ്ന്നിരുന്ന ഒരു ജനതയ്ക്ക് സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടാണ് ആദ്യത്തെ ക്രിസ്മസ് പിറന്നത്.
എന്നാല്‍ ഇന്ന് ലോകമെമ്പാടും, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും പൂര്‍വ സോവിയറ്റ് യൂണിയന് രാജ്യങ്ങളിലും യുദ്ധത്തിന്റെ ഭീതി നിറച്ചുകൊണ്ട് മനുഷ്യകുലത്തെ ശ്വാസം മുട്ടിക്കുന്ന അനുഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ‘യുദ്ധം ഒരു കാലത്തും ആര്‍ക്കും വിജയം നല്‍കുന്നില്ല; അനിവാര്യമായ പ്രശ്ന പരിഹാരത്തിലേയ്ക്ക് അത് നമ്മെ നയിക്കുന്നില്ല.’ എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കികൊണ്ടുള്ളതാണ്. എത്രതന്നെ ന്യായങ്ങള്‍ നിരത്താന്‍ രാഷ്ട്ര നേതാക്കള്‍ക്ക് കഴിയുമെങ്കിലും യുദ്ധത്തിന്റെ ആത്യന്തികമായ കാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയും സ്നേഹരാഹിത്യവുമാണ്. മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനാധാരം യുദ്ധമല്ല, ജീവന്റെ സംരക്ഷണവും പരസ്പര സ്നേഹവും സമാധാനവുമാണ്. ഇവിടെയാണ് ക്രിസ്മസ് നല്കുന്ന സന്ദേശം പ്രസക്തമാവുന്നത്.
മറ്റുള്ളവരെ സ്നേഹിക്കാനും അവരോട് സംവദിക്കാനും സമാധാനത്തോടെ വര്‍ത്തിക്കാനും സ്വയം നവീകരിക്കാനും എപ്പോഴുമെന്നപോലെ ഈ ക്രിസ്മസും ആവശ്യപ്പെടുന്നു.
ഏവര്‍ക്കും പിറവിത്തിരുനാള്‍ ആശംസകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: