ന്യൂദൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു. ദേശീയ ജൂനിയർ ഗുസ്തി മത്സരങ്ങൾ ഫെഡറേഷൻ പ്രഖ്യാപിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. ദിവസങ്ങൾക്ക് മുമ്പാണ് സഞ്ജയ് സിംഗ് അദ്ധ്യക്ഷനായി പുതിയ സമിതി അധികാരത്തിൽ വന്നത്.
പുതിയ സമിതിക്കെതിരെയും കായിക താരങ്ങൾ രംഗത്തുവന്നിരുന്നു. മുമ്പ് കേന്ദ്രം പുറത്താക്കിയ ഭരണ സമിതിയിലുള്ളവരാണ് പുതിയ സമിതിയെയും നിയന്ത്രിക്കുന്നതെന്ന് ആരോപണം ഉയർന്നുവന്നിരുന്നു. പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. പുതിയ സമിതി അധികാരത്തിൽ വന്നതിന് പിന്നാലെ ദേശീയ മത്സരങ്ങൾക്കുള്ള തീയതിയും സ്ഥലവും അടക്കം പ്രഖ്യാപിച്ചിരുന്നു. തിടുക്കത്തിലുള്ള ഈ നീക്കം ഗുസ്തി ഫെഡറേഷന്റെ ഭരണഘടനാ പ്രകാരം തെറ്റാണെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.
ഗുസ്തി താരങ്ങൾക്ക് പരിശീലനത്തിന് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തിൽ ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഭരണസമിതി യോഗം ചേർന്ന് 15 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: