പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 2023 ഡിസംബര്‍ 13ന് ചില സന്ദര്‍ശകര്‍, നിറമുള്ള പുക സ്പ്രേ ചെയ്ത ദുസ്സാഹസത്തില്‍ എന്തായാലും ദുരന്തങ്ങള്‍ ഒന്നും ഉണ്ടായില്ല. അവര്‍ രാസായുധമോ വിഷപ്പുകയോ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള വസ്തുക്കളോ കൈയില്‍ കരുതിയിരുന്നുവെങ്കില്‍ പാര്‍ലമെന്റിനുള്ളില്‍ കടക്കാന്‍ കഴിയുമായിരുന്നോ? ഇല്ല. നിശ്ചയമായും ഇപ്പോള്‍ സംഭവിച്ചത് സുരക്ഷാ പാളിച്ചതന്നെയാണ്. അതുകൊണ്ടാണല്ലോ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തിരിക്കുന്നതും സംഭവത്തെക്കുറിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെയും പാര്‍ലമെന്റ് സെക്രട്ടേറിയറ്റിന്റെയും ആവശ്യപ്രകാരം അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരിക്കുന്നതും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ വിദഗ്‌ദ്ധരുടെ സമിതി അന്വേഷണം നടത്തുന്നതും.
2001 ഡിസംബര്‍ 13ന് ഒരു രാജ്യവും അവരുടെ ചാര സംഘടനയും കുപ്രസിദ്ധ ഭീകര പ്രസ്ഥാനമായ ലഷ്‌കര്‍ ഇ തൊയ്ബയും ചേര്‍ന്ന് ഏറെക്കാലം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിച്ച ഭീകര ചാവേര്‍ ആക്രമണത്തില്‍പ്പോലും പാര്‍ലമെന്റിന്റെ കെട്ടിടത്തിനുള്ളില്‍ കടക്കാന്‍ അക്രമികള്‍ക്ക് കഴിഞ്ഞില്ല. അപ്രതീക്ഷിതമായി സംഭവിച്ച ആ ആക്രമണം അരമണിക്കൂര്‍ ‘യുദ്ധ’മായിരുന്നുവല്ലോ. സുരക്ഷയും സുരക്ഷാ സേനയും ശക്തമാണ്. ചാവേര്‍ ആക്രമണങ്ങളേക്കാള്‍ ‘വ്യാജ ആക്രമണങ്ങള്‍’ക്ക് സുരക്ഷയെ മറികടക്കാനാവുമെന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്.
അന്ന് പാര്‍ലമെന്റ്ആക്രമണം നടന്ന് നാലു മണിക്കൂറിനുള്ളില്‍ അതേ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം ചേര്‍ന്ന് ഭാരതം ലോകത്തിനും ഭീകരര്‍ക്കും നല്‍കിയ സന്ദേശവും മുന്നറിയിപ്പുമുണ്ടായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ. അദ്വാനിയുടെയും പ്രധാനമന്ത്രി വാജ്പേയിയുടെയും ആശയമായിരുന്നു അത്. രാജ്യത്തും ലോകത്തും സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് അത് നല്‍കിയ ആശ്വാസ സന്ദേശം വലുതായിരുന്നു. അന്നും ആക്രമണത്തെത്തുടര്‍ന്ന് ‘പ്രതിപക്ഷം’ ദുരൂഹതയുടെ ആരോപണങ്ങള്‍ ഉയര്‍ത്തി. അവരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എംപിമാര്‍ ഉണ്ടായിരുന്നു. ആ പാര്‍ട്ടികളുടെ നിലപാടായിരുന്നു അത്. അവര്‍ അക്രമികള്‍ക്കൊപ്പമാണെന്ന തോന്നല്‍ പലര്‍ക്കും അതുണ്ടാക്കി. ആ ചെയ്തി തെറ്റായെന്ന് അവര്‍ക്ക് പില്‍ക്കാലത്ത് ബോധ്യപ്പെടുകയും ചെയ്തു.
പാര്‍ലമെന്റിലെ ‘നിറപ്പുക ആക്രമണം’ കഴിഞ്ഞപ്പോള്‍ മുതല്‍ പാര്‍ലമെന്റ് നടത്താന്‍ സമ്മതിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ 22 വര്‍ഷത്തിനിപ്പുറവും അനുഭവം. അനുഭവത്തില്‍നിന്നുപോലും പഠിക്കുന്നില്ല എന്നതാണ് അതിന്റെ സന്ദേശം. സംഭവത്തില്‍ പ്രതികളെ പിടിച്ചു. കാര്യങ്ങള്‍ ഏറെക്കുറേ ബോധ്യമായി. പ്രധാനമന്ത്രി അപലപിച്ചു. സര്‍ക്കാരും സ്പീക്കറും സംഭവങ്ങള്‍ വിവരിച്ചു. അതിനപ്പുറം, എന്ത്, എങ്ങനെ സംഭവിച്ചു എന്നറിയാന്‍ അന്വേഷണം നടക്കുന്നു. പക്ഷേ, റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ്, അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിന് അവര്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയാണ്. സഭാ ചട്ടപ്രകാരം തടസമുണ്ടാക്കുന്നവരെ സഭാധ്യക്ഷന്മാര്‍ പുറത്താക്കണം. അത് ചെയ്യുന്നു. തിരിച്ചറിയേണ്ടത് 2001 ല്‍ സഭ ചേര്‍ന്നപ്പോള്‍ നല്‍കിയ സന്ദേശവും 2023ല്‍ സഭ തടസപ്പെടുത്തുമ്പോള്‍ നല്‍കുന്ന സന്ദേശവും തമ്മിലാണ്.
‘കനല്‍ ഒരു തരി മതി’ എന്ന ഒരു സമാധാന വാക്യം ഓര്‍മ്മയില്ലേ? പണ്ട് ജ്വാലയായി, വിപ്ലവം പൂര്‍ത്തിയാകുന്നതോടെ അഗ്‌നി പ്രളയമാകുമെന്ന് ഉറക്കെ വിളിച്ച മുദ്രാവാക്യത്തിന്റെ സ്ഥാനത്താണ് കനല്‍ത്തരിയുടെ ആശ്വാസം കേട്ടത്. ആ കനലില്‍ വെള്ളം വീഴുമ്പോള്‍ കേള്‍ക്കുന്ന അവസാന ശീല്‍ക്കാരം എപ്പോഴുണ്ടാകുമെന്ന് ആശങ്കയോടെ കാതോര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍. കോണ്‍ഗ്രസിനെ വിട്ടേക്കുക, ആ ആള്‍ക്കൂട്ടം ഇടയനില്ലാത്ത, അവശേഷിക്കുന്ന ആട്ടിന്‍കൂട്ടമായിരിക്കുന്നു. ‘അനാഥര്‍’ എന്ന വാക്കിന് അര്‍ത്ഥം ബോധ്യമാക്കാന്‍ ഇത്ര മികച്ച ഉദാഹരണം വേറേയില്ലല്ലോ.
കനലും കരിയിലയുമൊക്കെ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുമ്പോള്‍ നിയമനിര്‍മാണം എന്ന പാര്‍ലമെന്റിന്റെ അടിസ്ഥാന പ്രവര്‍ത്തനമാണ് തടസപ്പെട്ടത്. കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ രക്ഷപ്പെടുത്തുന്നത് തടയാനുള്ള തെളിവു നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ പരിഷ്‌കരിക്കാനുള്ള നിയമ നിര്‍മാണം വരെ അവയിലുണ്ട്.
പാര്‍ലമെന്റ് അങ്ങ്, ന്യൂദല്‍ഹിയില്‍; ഇവിടെ കേരളത്തിലും ഇത്തരത്തില്‍ കനല്‍ത്തരികള്‍ അവസാന പൊട്ടലും ചീറ്റലും നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളില്‍ ഓരോയിടത്തായി ‘ഭരണകൂടം കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന’ തിന്റെ തുടര്‍ച്ചയാണ് കേരളത്തിലും. സംസ്ഥാന തലവന്‍ ഗവര്‍ണറും ഭരണനിര്‍വഹണത്തലവന്‍ മുഖ്യമന്ത്രിയും തമ്മിലുള്ള സംഘര്‍ഷം വാക്കിലും ഫയലിലും കോടതിയിലും ചുരുങ്ങുന്നു. പക്ഷേ, സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണറും വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനെ നയിക്കുന്ന കമ്യൂണിസ്റ്റ് എസ്എഫ്ഐയും തെരുവില്‍ ഏറ്റുമുട്ടുന്നു. ചട്ടപ്രകാരം ചാന്‍സലറാണ് ശരി. പക്ഷേ, കൈക്കരുത്തില്‍ ‘കനല്‍ത്തരി’ അവസാനത്തെ ആളലിലാണ്. അവര്‍ കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തിലേക്ക് ഗവര്‍ണര്‍ തിരഞ്ഞെടുത്ത പ്രതിനിധികളെ കയറ്റാതെ തടഞ്ഞു. ദല്‍ഹിയില്‍ ‘മൂത്ത സഖാക്കള്‍’ സഭവിട്ടിറങ്ങുന്നു, ഇവിടെ മറ്റൊരു സഭയിലേക്ക് കയറാന്‍ ‘കുട്ടിസഖാക്കള്‍’ അനുവദിക്കുന്നില്ല.
ആരെയൊക്കെയാണ് സഖാക്കള്‍ തടഞ്ഞത്? രാജ്യം പദ്മ ബഹുമതി നല്‍കി ആദരിച്ച ബാലന്‍ പൂതേരി മുതലായവരെ. അദ്ദേഹം ദിവ്യാംഗനും കൂടിയാണ്. ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ അവകാശങ്ങള്‍ എന്തെല്ലാമാണ് ലംഘിച്ചതെന്നറിയാമോ? പക്ഷേ സര്‍ക്കാര്‍, പോലീസ്, വിവിധ അവകാശ കമ്മീഷനുകള്‍, സാംസ്‌കാരിക നായകര്‍, പ്രതികരണത്തൊഴിലാളികള്‍ എല്ലാം ‘പഞ്ചപുച്ഛമടക്കി’യിരുന്നു. സര്‍വകലാശാലാ സെനറ്റ്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയും അപഗതിയും മാറ്റാന്‍ നടപടികള്‍ എടുക്കേണ്ടവരാണ്. പക്ഷേ, പഠിക്കാതെ ജയിക്കാനും പരീക്ഷായോഗ്യതയില്ലാതെ ജോലി നേടാനും കഴിയുന്നവര്‍ക്ക് അതൊന്നും വിഷയമേ അല്ലല്ലോ.
ഖാലിസ്ഥാന്‍ വാദക്കാരാണ്, പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നത്. ആ ദിവസമാണ് ‘നിറപ്പുകയാക്രമണം’ നടന്നത്. ഖാലിസ്ഥാനികള്‍ക്ക് ജയ് വിളിക്കുന്നതിനു തുല്യമാണ് ആ വിഷയത്തെ ‘പാര്‍ലമെന്റ് ആക്രമണ’മാക്കി പ്രചരിപ്പിക്കുന്നത്. ഒരുകാലത്ത് പഞ്ചാബില്‍ സ്വതന്ത്ര ഖാലിസ്ഥാന്‍ പ്രദേശം സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന ഹര്‍ കിഷന്‍ സിങ് സുര്‍ജിത്തായിരുന്നല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ചിരുന്നത്. ആ ‘കനലു’കളുടെ ചെയ്തികള്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങള്‍ പലതുണ്ടാകാം.
സര്‍വകലാശാലയുടെ സെനറ്റിലേക്ക് ഗവര്‍ണര്‍ നിയോഗിച്ചവര്‍ അയോഗ്യരല്ല. എസ്എഫ്ഐ പക്ഷേ, എന്തിന് അവരെ തടഞ്ഞു? അത് സെനറ്റംഗങ്ങളുടെ അധികാരങ്ങള്‍ അവര്‍ക്ക് അറിയാവുന്നതുകൊണ്ടാണ്. സെനറ്റംഗങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പോകുന്നത് സര്‍വകലാശാലകളില്‍ എസ്എഫ്ഐ ഉള്‍പ്പെടെ കമ്യൂണിസ്റ്റുകാരും അവരുടെ കളിപ്പാവകളായ കോണ്‍ഗ്രസുകാരും കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത്, കുഴിച്ചുമൂടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന, തോന്നിയവാസങ്ങളാണ്. അതു പുറത്തുവന്നാല്‍ സര്‍വകലാശാലകളുടെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരെ ശിക്ഷിക്കന്‍ ജനക്കൂട്ടം തയാറായോക്കുമെന്ന ഭയമാണവര്‍ക്ക്.
പിന്‍കുറിപ്പ്:
ആ വേദികളും സദസ്സും ബസ്സും ഒഴിഞ്ഞു. എങ്ങും മൈക്ക് വാര്‍ത്തയായില്ല, പകരം പഴയ ഒരു കളിത്തോക്കു പുതുതായി കളഞ്ഞുകിട്ടിയിട്ടുണ്ടല്ലോ സന്തോഷം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: