പ്രയാഗ്രാജ്: രാം ഒരേ വാക്ക് ആവര്‍ത്തിച്ചെഴുതി പ്രതിഭ വരച്ചിട്ടത് അറുപത്തിനാല് ചിത്രങ്ങള്‍…. വരയില്‍ വിരിഞ്ഞത് രാമചരിതമാനസം. അയോധ്യയിലെ രാമക്ഷേത്രത്തോട് ചേര്‍ന്നുള്ള ലൈബ്രറിയില്‍ സ്വന്തം തപസിനും ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഭ. രണ്ട് വര്‍ഷത്തെ തീവ്രമായ പരിശ്രമം… രാമചരിതമാനസം വരച്ചെടുക്കാന്‍ പ്രയാഗ് രാജിലെ ജൂസി ഗ്രാമത്തില്‍ നിന്നുള്ള പ്രതിഭ പാണ്ഡെ എല്ലാ ജോലികളും ഉപേക്ഷിച്ചു. രാമനാമം കൊണ്ട കടലില്‍ സേതുബന്ധിക്കാന്‍ വാനരസേനയ്ക്ക് കഴിയുമെങ്കില്‍ അതേ നാമം മാത്രമുപയോഗിച്ച് ചിത്രങ്ങള്‍ വരച്ചാലെന്തെന്ന ചിന്തയിലാണ് പ്രതിഭ പാണ്ഡെ വരയുടെ തപസ് ആരംഭിച്ചത്.
അദ്ധ്യാപികയാണ് പ്രതിഭ പാണ്ഡെ. സ്വന്തമായി പ്ലേ സ്കൂള്‍ നടത്തുകയായിരുന്ന പ്രതിഭ രാമചരിതമാനസത്തിലേക്ക് എത്തുംമുമ്പുതന്നെ രാമനാമം കൊണ്ട് വേറെയും വിസ്മയങ്ങള്‍ വരച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രമാതൃകയുടെ ചിത്രമാണ് ഒരുകോടിയിലധികം രാമനാമങ്ങള്‍ എഴുതിച്ചേര്‍ത്ത് പ്രതിഭ വരച്ചത്. രാമന്റെ രാജസഭയും രാമായണകഥാപാത്രങ്ങളുമൊക്കെ പ്രതിഭ ഇതേ രീതിയില്‍ വരച്ചിട്ടുണ്ട്. 10:30 മീറ്റര്‍ നീളത്തിലാണ് രാമചരിതമാനസത്തിന്റെ രൂപകല്പന. ഭഗവാന് രാമന്റെ ജീവിതം സന്ത് തുളസീദാസന് എഴുതിയതിന്റെ മാതൃകയില്‍ വരയ്ക്കുകയാണ് പ്രതിഭ ചെയ്തത്.
പ്രാണപ്രതിഷ്ഠയെ സംബന്ധിച്ച വാര്‍ത്തകളില്‍ ആവേശഭരിതയാണെന്ന് പ്രതിഭ പറയുന്നു. ഒരു ദിവസം പതിനഞ്ച് മണിക്കൂര്‍ വരെ ഇതിനായി ചെലവിടും. വരച്ചുതുടങ്ങുമ്പോള്‍ പ്രാണപ്രതിഷ്ഠയെക്കുറിച്ച് എനിക്കറിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ പങ്കാളിയാകണമെന്നാണ് ആഗ്രഹം. ഭഗവാന് രാമന്റെ അനുഗ്രഹത്താല്‍ ഒരു പ്രവര്‍ത്തനവും ഇതുവരെ മുടങ്ങിയിട്ടില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയും ആവേശമാണ്, പ്രതിഭ പാണ്ഡെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: