അയോധ്യ: രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയോടെ പുനര്‍ജനിക്കുന്നത് ത്രേതായുഗത്തിലെ അയോധ്യ. നഗരത്തിലെ പാതകളും കെട്ടിടങ്ങളുമെല്ലാം രാമകാല നഗരത്തിന്റെ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങുന്നു. ഭഗവാന് രാമന്റെ വിജയാഘോഷത്തിന്റെ എല്ലാ അന്തസോടെയുമാകണം ഒരുക്കങ്ങളെന്ന് അയോധ്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
ചെറിയ ക്ഷേത്രങ്ങളും കെട്ടിടങ്ങളുമെല്ലാം പൗരാണിക പ്രൗഢിയോടെയാണ് നവീകരിക്കുന്നത്. ഭഗവാന് രാമന്റെ രാജധാനിയിലെത്തിയ പ്രതീതിയാകണം അയോധ്യയിലെത്തുന്ന ഓരോ വ്യക്തിക്കുമുണ്ടാകേണ്ടതെന്ന് യോഗി തുടര്‍ന്നു. ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ആരതിയില്‍ പങ്കെടുത്ത ശേഷമാണ് യോഗി ആദിത്യനാഥ് അവലോകന യോഗത്തിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 30ന് അയോധ്യയിലെത്തും. അതിന് മുമ്പായി രാമക്ഷേത്രത്തിലേക്കുള്ള എല്ലാ പാതകളും അവസാന മിനുക്കുപണികളടക്കം പൂര്‍ണമാകണം. രാംപഥ്, ഭക്തിപഥ്, ജന്മഭൂമി പഥ്, ധര്‍മപഥ്, ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ന്യായഘട്ട് എന്നിവയുടെ നിര്‍മാണ പുരോഗതി അദ്ദേഹം വിലയിരുത്തി. പ്രാണപ്രതിഷ്ഠയ്ക്കു മുമ്പായി സുഗ്രീവ കിലയിലെ പ്രധാന കവാടം പൂര്‍ത്തിയാകണം. തെരുവുകള്‍ തോറും രാമസങ്കീര്‍ത്തനം മുഴങ്ങണം, യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അയോധ്യയുടെ മുഖം മാറും. മുപ്പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ അദ്ദേഹം അയോധ്യ നഗരത്തിനായി വീണ്ടും പ്രഖ്യാപിക്കും. പ്രധാനമന്ത്രിയെ സ്വസ്തിക നല്‍കിയാണ് ആചാര്യന്മാര് അയോധ്യയിലേക്കു വരവേല്‍ക്കുക. വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്കു നീളുന്ന ന്യായഘട്ടില് നിന്ന് ധര്മപഥിലേക്കുള്ള വഴികള്‍ പൂക്കളാല്‍ അലങ്കരിക്കും. ലഖ്നൗ-ഗോരഖ്പൂര്‍ ദേശീയപാതയുടെ ഇരുവശവും രാമായണ കഥാചിത്രങ്ങള്‍ ആലേഖനം ചെയ്യും. അയോധ്യയെ പൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
നഗരത്തിലുടനീളം സുരക്ഷാ സന്നാഹം ശക്തമാക്കണം. സുരക്ഷയെന്നത് അയോധ്യയിലെത്തുന്നവര്‍ക്ക് സൗഹാര്‍ദ പൂര്‍ണമായ സ്വാഗതമോതുന്നതിന്റെ ഭാഗം കൂടിയാണ്, മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
തീര്‍ത്ഥാടക പാതയില്‍ നിന്ന് വാഹനങ്ങള്‍ ഒഴിവാക്കണം
കാല്‍നടയായെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. വാഹനങ്ങള്‍ക്കായി പ്രത്യേക പാത സജ്ജമാക്കണം, ഗതാഗത വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്കി. നഗരത്തിലുടനീളം രാമക്ഷേത്രത്തിലേക്കുള്ള വഴി അറിയാന്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായതായി ലഖ്നോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പിയൂഷ് മോര്‍ദിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: