കൊല്ലം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പോലീസിനും ആവശ്യമായ തുക അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ 2023-24 മണ്ഡല മകര വിളക്ക് സമയത്തെ സുഗമമായ നടത്തിപ്പിനാവശ്യമായ സാധന സാമഗ്രികള്‍ വാങ്ങാന്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഷേഖ് ധര്‍വേഷ് സാഹിബ് നല്കിയ അപേക്ഷയിലാണ് സര്‍ക്കാരിന്റെ കടുംവെട്ട്. 29 ലക്ഷം ചോദിച്ചിടത്ത് അനുവദിച്ചത് ഒന്‍പത് ലക്ഷം രൂപ. പകുതി തുക പോലും അനുവദിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പിന് സുരക്ഷാ ഉപകരണങ്ങളും അവശ്യ വസ്തുക്കളും വാങ്ങാന്‍ 29,57,500 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 13നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വലയുന്നതിനിടെ കത്ത് നല്കി ഒരുമാസവും കഴിഞ്ഞ് ഈ മാസം 19നാണ് 9,30000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓരോ സാധനത്തിനും സര്‍ക്കാര്‍ അനുവദിച്ച തുക ഇങ്ങനെ:- റീചാര്‍ജബിള്‍ ട്രാഫിക് ബാറ്റണ്‍ 45,000, ട്രാഫിക് കോണ്‍ 95,000, റിഫ്ലക്ടീവ് ജാക്കറ്റ് 1,00,000, കമാന്‍ഡോ ടോര്‍ച്ച് 25,000, ബാരിക്കേഡ് ടേപ്പ് 15,000, റെയിന്‍കോട്ട് 5,00,000, സ്റ്റേഷനറി 50,000, വ്രിസ്റ്റ് ബാന്‍ഡ് 1,00,000.
സന്നിധാനത്ത് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് പോലീസിന് തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത അലംഭാവം കാണിക്കുന്നത്. ശബരിമലയില്‍ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങളുടെ പരമാവധി പാര്‍ക്കിങ് ഉറപ്പാക്കാന്‍ ഓരോ പാര്‍ക്കിങ് ഗ്രൗണ്ടിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍ ആവശ്യത്തിനുള്ള ജീവനക്കാര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
അതേസമയം സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് പോലീസ് ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ ഇല്ല എന്നതിനും തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: