ഒന്നരനൂറ്റാണ്ടിലേറെയായി രാജ്യത്ത് നിലനില്‍ക്കുന്ന ക്രിമിനല്‍ നിയമവ്യവസ്ഥ പൊളിച്ചെഴുതുന്ന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ്. ഐപിസി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമം, സിആര്‍പിസി അഥവാ ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയെയാണ് സമഗ്രമായി പരിഷ്കരിച്ചിട്ടുള്ളത്. ഈ മൂന്നു നിയമങ്ങളും ഇനിമുതല്‍ യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ, ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാണ് അറിയപ്പെടുക. പേരുകളില്‍ മാത്രമല്ല ഉള്ളടക്കത്തിലും സമൂലമായ മാറ്റമാണ് ഈ നിയമങ്ങളില്‍ വരുത്തിയിട്ടുള്ളത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്സഭ ഇതുസംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. ഈ ബില്ലുകള്‍ പിന്‍വലിച്ച് കുറവുനികത്തിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് അംഗീകാരം നേടിയത്. പാര്‍ലമെന്റില്‍ മര്യാദയില്ലാതെ പെരുമാറിയതിന് ഇരുസഭകളില്‍നിന്നും പ്രതിപക്ഷത്തെ നിരവധി എംപിമാരെ സഭാധ്യക്ഷന്മാര് സസ്പെന്റു ചെയ്തിരുന്നു. ബില്ലുകള്‍ പാസ്സാക്കിയപ്പോള്‍ വളരെ കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ മാത്രമേ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നുള്ളൂ. ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കിയെടുക്കാനാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റു ചെയ്തതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതാണ് ശരിയെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്നു പറയേണ്ടിവരും. സഭയുടെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധമെങ്കില്‍ സസ്പെന്‍ഷനുണ്ടാകുമായിരുന്നില്ലല്ലോ. ബില്ലുകള്‍ എതിര്‍പ്പില്ലാതെ പാസ്സാക്കിയെടുക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം അച്ചടക്ക നടപടികള്‍ ക്ഷണിച്ചുവരുത്തിയതെന്ന് കരുതാവുന്നതാണ്.
ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷനല്‍കുന്നതും, ചികിത്സാപ്പിഴവിന് ഡോക്ടര്‍മാര്‍ക്ക് ശിക്ഷ ഒഴിവാക്കുന്നതുമുള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമങ്ങള്‍. ഭീകരവാദത്തെയും വിഘടനവാദത്തെയും ഭരണകൂടത്തിനെതിരായ സായുധകലാപത്തെയും, രാഷ്ട്രത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്നതിനെയുമൊക്കെ ഭാരതീയ ന്യായസംഹിത കൃത്യമായി നിരവചിക്കുന്നുണ്ട്. ഏറെ വിമര്‍ശിക്കപ്പെട്ട ബ്രിട്ടീഷ് ഭരണകാലത്തെ രാജ്യദ്രോഹ കുറ്റം സംബന്ധിച്ച നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തെറ്റായ വാഗ്ദാനം നല്കി വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വച്ചും, തടവുകാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനും ചില കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനവും ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണം പതിനാല് ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്നു ദിവസത്തിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. കേസില്‍പ്പെട്ടവര്‍ രാജ്യത്തിനു പുറത്താണെങ്കില്‍ മൂന്നുമാസത്തിനകം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ വിചാരണ നടത്താം. വിചാരണയ്ക്കും അപ്പീലിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമൊക്കെ സാങ്കേതിക വിദ്യ ഉപയോഗിക്കാം. കോടതി നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് അനുവദനീയമാണ്. പീഡന ഇരകളുടെ മൊഴി വീഡിയോ റോക്കോര്‍ഡിങ് വഴിയായിരിക്കും. ഇ-മെയിലുകള്‍, എസ്എംഎസുകള്‍, വാട്സാപ്പ് സന്ദേശങ്ങള്‍ എന്നിവ തെളിവായി സ്വീകരിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ ഗവര്‍ണര്‍ക്ക് 30 ദിവസത്തിനകവും, രാഷ്ട്രപതിക്ക് 90 ദിവസത്തിനകവും ദയാഹര്‍ജി നല്‍കണം. ഇപ്രകാരം കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതും വിചാരണ എളുപ്പമാക്കുന്നതും സുതാര്യത ഉറപ്പാക്കുന്നതുമായ നിരവധി മാറ്റങ്ങള്‍ പുതിയ നിയമങ്ങളിലുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ശിക്ഷാ നിയമങ്ങള്‍ പരിഷ്കരിച്ചതെന്ന് ബില്ല് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, മുത്തലാഖ് നിരോധിച്ചതും, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുമൊക്കെ ബിജെപി നല്കിയ വാഗ്ദാനങ്ങളാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതിയും ഏകീകൃത സിവില്‍ കോഡുമൊക്കെ ഈ ദിശയില്‍ വരുംകാലങ്ങളില്‍ നിയമമാവുമെന്ന് കരുതാം. സ്ഥാപിതതാല്‍പ്പര്യക്കാരുടെ എതിര്‍പ്പുകള്‍ ഭയന്ന് രാഷ്ട്രത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമനിര്‍മാണങ്ങളില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. അടിമത്വത്തിന്റെ അവസാന കളങ്കവും കഴുകിക്കളയുകയെന്ന ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ മുന്നില്‍വച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പല നിയമങ്ങള്‍ക്കും രൂപംനല്കിയത്. ഇതില്‍ പലതും ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്തയ്ക്കും നീതിബോധത്തിനും സാഹചര്യത്തിനും വിരുദ്ധമായിരുന്നു. പല ശിക്ഷാനിയമങ്ങളും ഭരണഘടന വകുപ്പുകള്‍ക്ക് തന്നെ എതിരായിരുന്നു. എന്നിട്ടും ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കാനും മാറ്റങ്ങള്‍ വരുത്താനും ഇതിനുമുന്പുള്ള സര്‍ക്കാരുകള്‍ തയ്യാറായില്ല. അധികാരത്തില്‍ തുടരുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ തങ്ങള്‍ വ്യത്യസ്തരാണെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രത്തിന്റെ താല്‍പ്പര്യവും ആത്മാഭിമാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരവും നിയമപരവും ഭരണപരവുമായ ദൗത്യത്തില്‍നിന്ന് പിന്നോട്ടുപോവില്ലെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: