കൊച്ചി: അഞ്ച് മാസത്തെ വിധവാപെൻഷൻ കുടിശിക ആവശ്യപ്പെട്ട് ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി നല്കിയ ഹര്‍ജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്ഷന് നൽകിയേ തീരു എന്ന് ഹൈക്കോടതി അറിയിച്ചു. അല്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം. ഇക്കാര്യത്തിൽ നാളെ തീരുമാനം അറിയിക്കണമെന്ന് സർക്കാരിന് നിർദേശവും നൽകി. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വി.ഐ.പിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെൻ ഷൻ മുടങ്ങാൻ കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാന്‍ സർക്കാരിന് പണമുണ്ടോയെന്നും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. മറിയക്കുട്ടിക്ക് പണമായി കൊടുക്കാന്‍ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കുവെന്നും ഹൈക്കോടതി നിർദേശിച്ചു.
വൈകാരികമായാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതികരിച്ചത്. 78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.
പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ചതോടെയാണ് അടിമാലിയിലെ വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും ചർച്ചാവിഷയം ആയത്. സംഭവം വിവാദമായതോടെ മറിയക്കുട്ടിയ്ക്ക് ഭൂമിയും വീടുമുണ്ടെന്ന് ദേശാഭിമാനി വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. ഇതോടെ മുൻ എംപിയും സിനിമ താരവുമായ സുരേഷ് ഗോപി മറിയക്കുട്ടിക്ക് സഹായവുമായി വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പെന്ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്ഷന് നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: