ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങളിലെ കൊളോണിയല്‍ ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഭാരതീയ ന്യായ (രണ്ടാം) സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത 2023, ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍ 2023 എന്നിവയാണ് ലോക്സഭ അംഗീകരിച്ചത്.
രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കുശേഷമാണ് ഈ സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്സഭ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരമാണ് ഈ ബില്ലുകള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കിയ മൂന്നു ബില്ലുകള്‍ പിന്‍വലിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ് ഷാ കഴിഞ്ഞയാഴ്ച ഈ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചത്.
പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ ഭരണഘടനയുടെ അന്തസത്തയ്ക്കു യോജിച്ചതാണ്. ജനക്ഷേമം കണക്കിലെടുത്താണ് കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിയമങ്ങളുണ്ടാക്കിയത് വിദേശ ഭരണം സംരക്ഷിക്കാനായിരുന്നു. എന്നാല്‍ പുതിയ ബില്ലുകള്‍ ജനകേന്ദ്രീകൃതമാണ്. ശിക്ഷയുടെ ഉദ്ദേശ്യം ഇരയ്ക്കു നീതിയെന്നതാകണം. സമൂഹത്തിന് മാതൃകയാകണം, ചര്‍ച്ചയ്ക്കു മറുപടിയായി അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയതയ്ക്കും ഭരണഘടനയ്ക്കും ജനക്ഷേമത്തിനും ഊന്നലേകുന്ന ബില്ലുകള്‍ കൊണ്ടുവന്നു. ഭരണഘടനയുടെ അന്തസത്തയ്ക്ക് അനുസൃതമായാണ് നിയമങ്ങള്‍ മാറ്റുന്നത്. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ബില്ലുകള്‍.
സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലടയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച രാജ്യദ്രോഹ നിയമമില്ലാതാക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹ നിയമം കാരണം ബാലഗംഗാധര തിലക്, മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ തുടങ്ങി നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളില്‍ പലരും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു. ആ നിയമം ഇന്നും തുടരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിനു പകരമായുള്ള ഭാരതീയ ന്യായ സംഹിത, ശിക്ഷയെക്കാള്‍ നീതിയില്‍ ശ്രദ്ധയൂന്നുന്നു. വിപുലമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് ബില്ലുകള്‍ തയാറാക്കിയത്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: