കാഞ്ഞങ്ങാട്: യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളുമായി സേവ് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഫോറം ഭാരവാഹികള്‍. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന് ഐങ്ങോത്തിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചത്.
2021ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ മലയോരത്തെ ഉന്നത നേതാവ് ബാങ്ക് പരിധിക്ക് പുറത്തുള്ള ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് അവരുടെ വസ്തുവിന് ഉയര്‍ന്ന മൂല്യം കാണിച്ച് നാല്പത് ലക്ഷം രൂപവായ്പയെടുത്തിരുന്നു. കബളിപ്പിക്കപ്പെട്ട് കേസില്‍ കുടുങ്ങിയതോടെ സ്ത്രീ ആത്മഹത്യയുടെ വക്കിലായെന്നാണ് പത്മരാജന്റെ ആരോപണം.
സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച 25 ലക്ഷം നഷ്ടമായതായും മരാമത്ത് പണികളുടെ പേരിലും കരാറുകാരുമായി ചേര്‍ന്ന് തട്ടിപ്പ് നടന്നതായും വിമത വിഭാഗം ആരോപിക്കുന്നു.
കടലാസ് സംഘടനകള്‍ക്ക് പരസ്യമെന്ന പേരിലും പണം ക്രമം വിട്ട് നല്‍കിയിരുന്നു, ഇത് ചോദ്യം ചെയ്തിട്ടും നടപടി ഉണ്ടായില്ല. ബാങ്കിന്റെ പരിധിക്ക് പുറത്ത് 38 ലക്ഷം മതിപ്പ് വിലയുള്ള വസ്തുവിന് 1.18കോടി മൂല്യം കാണിച്ച് 70 ലക്ഷം വായ്പ നല്‍കിയതായും കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി 2014 ല്‍ എടുത്ത വായ്പ ഇതുവരെ പുതുക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ആംബുലന്‍സ് വാങ്ങിയതിലും ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അബുലന്‍സ് കമ്പിനിയില്‍ നിന്നും നേരിട്ട് വാങ്ങാതെ ഏജന്സില്നിന്ന് വാങ്ങിയതിനാല്‍ അപകടം സംഭവിച്ചപ്പോള്‍ കമ്പനി സര്‍വീസിന് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സ്വകാര്യവര് ഷോപ്പിന് ആശ്രയിക്കേണ്ടി വന്നതിലും അന്വേഷമില്ല. കൂടാതെ ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടി ഓടി അപകടത്തില്‍ പെട്ട ആള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാത്തതിനാല്‍ ബാങ്കിനെതിരെ കേസ് ചെയ്തിട്ടുണ്ട്. ബോര്‍ഡ് യോഗങ്ങള്‍ അവസാനിച്ച ശേഷം ബോര്‍ഡില്‍ വയ്ക്കാത്ത പല തീരുമാനങ്ങളും മിനുട്സ് ബുക്കില്‍ തിരുത്തി കയറ്റുന്നത് നിര്‍ബാധം തുടരുകയാണ്. പാര്‍ട്ടി കമ്മറ്റികള്‍ക്ക് അകത്ത് ഇക്കാര്യം പറഞ്ഞിട്ട് പ്രയോജനമില്ലാത്തതോടെയാണ് പുറത്ത് പറയുന്നതെന്നും തങ്ങള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായും പത്മരാജന് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രന് ഞാണിക്കടവ്, പ്രദീപ് കടപ്പുറം, ജയശ്രീ തണംകടവ്, ഇ.വി.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: