തൊടുപുഴ: വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും പുനരന്വേഷണം ഒഴിവാക്കി അപ്പീല്‍ നല്കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. ചൂരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറ് വയസുകാരി പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് നീക്കം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.
ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ഇയാളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നിരുന്നു. ബിജെപി, മഹിളാമോര്‍ച്ച, ഹിന്ദുഐക്യവേദി, ഇടത്, വലത് മുന്നണികള്‍ എന്നിവയും സമരവുമായി രംഗത്തുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ബന്ധുക്കളും തൊഴിലാളികളും കഴിഞ്ഞ ദിവസം വാമൂടിക്കെട്ടി പ്രതിഷേധം നടത്തി. സമാനമായ സാഹചര്യത്തില്‍ വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും വണ്ടിപ്പെരിയാറിലെത്തി.
എന്നാല്‍ ഡിവൈഎഫ്ഐ നേതാവായ പ്രതിക്ക് വേണ്ടി ആദ്യം മുതല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടിരുന്നു. പ്രതിയെ വെറുതെ വിട്ടതോടെ അന്വേഷണത്തില്‍ സിപിഎം സ്വാധീനമുണ്ടായതായി ആരോപണം ശക്തമായി.
കൃത്യത്തിനുശേഷം വീട് അകത്ത് നിന്ന് പൂട്ടി പ്രതി അഴിയില്ലാത്ത ജനലിലൂടെ രക്ഷപ്പെട്ടെന്നാണ് പോലീസ് വിശദീകരണം. രക്ഷപ്പെട്ട രീതി പിന്നീട് പോലീസിനെ പ്രതി കാണിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പോലും കോടതിയില്‍ പോലീസിനായില്ല.
കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍
മരണം അറിഞ്ഞിട്ടും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് എസ്എച്ച്ഒ എത്തിയത് രണ്ടാം ദിവസം
കുട്ടി തൂങ്ങി നിന്നിരുന്നിടത്ത് നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ രേഖകളില്‍ കാണിച്ചിട്ടില്ല.
കൊലപാതകം നടന്ന മുറിയില്‍ നിന്ന് വിരലടയാളം ശേഖരിച്ചില്ല.
കുട്ടിയെ കെട്ടിത്തൂക്കിയ വസ്തു എടുത്ത അലമാര പരിശോധിച്ചില്ല
കൊലപാതകസ്ഥലത്തെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു
സുപ്രധാന തെളിവുകളായ തോര്‍ത്തും കത്തിയും ബെഡ്ഷീറ്റും മുദ്ര വച്ച് സൂക്ഷിച്ചില്ല
പ്രോസിക്യൂഷന് സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കുന്നതില്‍ ഉദ്യോഗസ്ഥന് പരാജയപ്പെട്ടു
ഒന്നാം സാക്ഷിപോലും കൃത്യമായി മൊഴി നല്‍കിയില്ല
അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു
പ്രതി രക്ഷപ്പെട്ടതെങ്ങനെയെന്ന് തെളിയിക്കാനായില്ല
സംഭവസ്ഥലത്ത് നിന്ന് അദൃശ്യമായ ചാന്‍സ് വിരലടയാളം(മുറിയില്‍ പതിഞ്ഞിരിക്കുന്ന എല്ലാ വിരലടയാളങ്ങളും) ശേഖരിക്കുന്നതില്‍ വിദഗ്ധന്റെ സേവനം തേടിയില്ല
കൊലയും പീഡനവും കോടതി സ്ഥിരീകരിക്കുമ്പോഴും ഇത് നടത്തിയത് അര്ജുന് ആണെന്നത് തെളിവില്ലാത്തതിനാല്‍ തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: