പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ.സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്.വിനായക റാവു മുമ്പാകെയാണ് 16 പ്രതികളുടെ കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിച്ചത്.
കേസില്‍ 24 പ്രതികളില്‍ 21 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ 16 പ്രതികളുടെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിമാന്‍ഡില്‍ കഴിയുന്ന 11 പേരും, ജാമ്യത്തിലുള്ള അഞ്ചു പേരുടെയും കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിച്ചത്. 24-ാം പ്രതിയായ സെയ്ദ് മുഹമ്മദ് ആഷിഖ് അവധി അപേക്ഷ നല്കിയിരുന്നതിനാല് 23ന് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു.
അബ്ദുള്‍ സലാം, ഇന്‍ഷ് മുഹമ്മദ് ഹഖ്, മുഹമ്മദ് ഷാരോണ്‍, റിട്ട. അധ്യാപകന് ബാവ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ജിഷാദ്, മുഹമ്മദ് യാസിന്, ഇംതിഹാസ് അഹമ്മദ്, ജാഫര്‍ സാദ്ദിഖ്, നസീര്‍, നൂര്‍ മുഹമ്മദ്, സിറാജുദീന്‍ എന്നിവരാണ് വിവിധ ജയിലുകളിലായി റിമാന്‍ഡില്‍ കഴിയുന്നത്. കേസിലെ 14,15,12,13,24 പ്രതികളായ ഷാജഹാന്, അബുതാഹിര്‍,സയ്ദ് മുഹമ്മദ് ആഷിഖ്, നിഷാദ്, ഷംസീര്‍ എന്നിവരാണ് ജാമ്യത്തിലുള്ളത്.
ഗൂഢാലോചന, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍,ആയുധം കൈവശം വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം വായ്പ്പിച്ചുകേള്പ്പിച്ചപ്പോള് പ്രതികള്‍ കുറ്റം നിഷേധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണെന്ന് റിട്ട. അധ്യാപകനും
മുഖ്യപ്രതികളിലൊരാളുമായ ബാവ പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്തുത അക്കൗണ്ടില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോ
സിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയെ അറിയിച്ചു. വരുംദിവസങ്ങളില്‍ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. 2021 നവംബര്‍ 15 നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത് വച്ച് കാറിലെത്തിയ അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: