ബ്രാംപ്ടണ്‍: കാനഡയിലെ ഒരു ഹിന്ദു ദേവന്റെ ഏറ്റവും ഉയരം കൂടിയ ശില്‍പ്പമായ 55 അടി ഹനുമാന് പ്രതിമ അടുത്ത വര്‍ഷം ഏപ്രിലില്‍ അനാച്ഛാദനം ചെയ്യും. രാജസ്ഥാന് ശില്പിയായ നരേഷ് കുമാവത് നിര്‍മ്മിച്ചതും പ്രാദേശിക ക്ഷേത്ര ഭരണസമിതിയുടെ സാമ്പത്തിക സഹായത്തോടെ കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രത്തിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്.
ഏപ്രില്‍ 23ന് ഹനുമാന് ജയന്തിയോട് അനുബന്ധിച്ചാണ് അനാച്ഛാദനം. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ (ജിടിഎ) ഒരു നഗരമാണ് ബ്രാംപ്ടണ്‍, ഇവിടെ സമീപകാലത്ത് നിരവധി ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ദീപാവലി സമയത്ത്, ഉത്സവം ആഘോഷിക്കുന്ന ഹിന്ദുക്കളുമായി ഖലിസ്ഥാന്‍ അനുകൂലികളുടെ ഒരു കൂട്ടം ഏറ്റുമുട്ടലുണ്ടായി. നേരത്തെ ബ്രാംപ്ടണിലെ ഭാരത് മാതാ മന്ദിറിന് പുറത്ത് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബ്രാംപ്ടണിലെ ഗൗരി ശങ്കര്‍ ക്ഷേത്രത്തെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരുന്നു.
ഹൈന്ദവ ദൈവങ്ങളുടെ ശില്പങ്ങള് നിര്‍മ്മിക്കുന്നതിലെ വൈദഗ്ധ്യത്തിന് പേരുകേട്ട കുമാവത് 80 വ്യത്യസ്ത രാജ്യങ്ങളിലായി 200 ലധികം പ്രതിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അദേഹം തന്നെയാണ് ഹനുമാന് പ്രതിമയും ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിനായി പ്രതിമയുടെ അന്തിമ പണികള്‍ നടക്കുകയാണ്. കുമാവത് മുമ്പ് കാനഡയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന് പ്രതിമ (50 അടി) വോയ്സ് ഓഫ് വേദാസ് ക്ഷേത്രത്തില്‍ ഒരു വ്യവസായിയുടെ ധനസഹായത്തോടെ നിര്‍മ്മിച്ചിരുന്നു.
പ്രതിമയുടെ 95% പൂര്‍ത്തിയായിയെന്നും പീഠത്തിന്റെ ചില ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ക്ഷേത്ര പുരോഹിതന് പറഞ്ഞു. ‘ഞങ്ങളുടെ ക്ഷേത്രത്തില്‍ സുരക്ഷയുണ്ട്, ഞങ്ങള്‍ രാത്രിയിലും കാവല്‍ നില്ക്കും,’ ക്ഷേത്രത്തിലെ പുരോഹിതനായ ഫൂല് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഖാലിസ്ഥാനി മേഖലയില്‍ നിര്‍മ്മിക്കുന്ന ശില്‍പ്പത്തിനെതിരെ ആക്രമണ ഭീഷണികള്‍ നിലനില്‍ക്കുന്നതായും ക്ഷേത്ര അധികൃതര്‍ പറഞ്ഞു.
പ്രതിമയുടെ നിര്‍മ്മാണത്തില്‍ അതൃപ്തിയുള്ള ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായും ജനങ്ങളില്‍ നിന്ന് ഭരണകൂടത്തിന് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ക്ഷേത്രത്തിന്റെ പരിസരത്ത് സംഭാവനകള്‍ വഴിയാണ് പ്രതിമയ്ക്ക് പണം ലഭിക്കുന്നതെന്നും മുനിസിപ്പല്‍ മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: