തേഞ്ഞിപ്പലം: കലാലയങ്ങളില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ ഉയര്‍ത്തിയ വെല്ലുവിളിയെ അവഗണിച്ച് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എത്തും. സര്‍വ്വകലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും. ഇതു പ്രമാണിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം സര്‍വകലാശാലയിൽ എസ്എഫ്ഐ ബാനറുകൾ ഉയര്‍ത്തി. ചാൻസലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാൻസലര്‍ യു ആര് നോട്ട് വെൽക്കം, സംഘി ചാൻസലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയര്‍ത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലാണ് എഴുത്തുകൾ. സര്‍വകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
കാലിക്കറ്റ് സര്‍വ്വകലാശാല സനാതന ധര്‍മ്മപീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഗവര്‍ണറുടെ വരവോടനു
ബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല വിവിഐപി ഗസ്റ്റ് ഹൗസ് കടുത്ത നിയന്ത്രണത്തിലായി. ഗവര്‍ണര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനും ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒഴികെ മറ്റാര്‍ക്കും തിങ്കളാഴ്ച രാത്രി ഗവര്‍ണര്‍ മടങ്ങും വരെ ഗസ്റ്റ് ഹൗസില്‍ മുറികള്‍ താമസത്തിനു നല്‍കില്ല. ഇതിനകം മുറിയെടുത്തവര്‍ ഇന്നലെ തന്നെ ഒഴിഞ്ഞു. ഡിവൈഎസ്പി മൂസ വള്ളിക്കാടന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം തന്നെ ഗസ്റ്റ് ഹൗസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഗസ്റ്റ് ഹൗസിലെ 11 ഉദ്യോഗസ്ഥര്‍ക്കും പോലീസ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.
ചാന്‍സലര്‍ എന്ന നിലയില്‍ കേരള, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നടത്തിയ നോമിനേഷനെതിരെയാണ് സിപിഎമ്മും എസ്എഫ്ഐയും അക്രമസമരം പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം നേതാക്കള്‍, നേതാക്കളുടെ ബന്ധുക്കള്‍, നിരവധി ക്രിമിനല്‍ കേസുകളിലടക്കം പ്രതികളായവര്‍ എന്നിവരടങ്ങുന്ന ലിസ്റ്റ് പരിഗണിക്കാതെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയച്ചവരെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. ഇതിനെതിരെ അക്രമസമരം സംഘടിപ്പിച്ച് ഗവര്‍ണറെ തെരുവില്‍ നേരിടാനാണ് സിപിഎം സമരം പ്രഖ്യാപിച്ചത്. കേരളം നേരിടുന്ന സാമ്പത്തിക തകര്‍ച്ച, ശബരിമല തീര്‍ത്ഥാടക ദുരിതം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. എന്നാല്‍ സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും അക്രമരാഷ്ട്രീയത്തെ വകവെക്കാതെയാണ് ഗവര്‍ണര്‍ ഇന്ന് സര്‍വ്വകലാശാലയില്‍ എത്തുന്നത്.
ഇന്ന് രാത്രി എത്തുന്ന ഗവര്‍ണര്‍ ഞായറാഴ്ച്ച മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകനായ സയ്യിദ് ഷഹീന് അലി ശിഹാബ് തങ്ങളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. അന്നു രാത്രിയും ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടാകും. ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന വിഷയത്തില്‍ തിങ്കളാഴ്ച 3.30ന് യൂണിവേഴ്സിറ്റിയില്‍ സനാതനധര്‍മ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കും. പരിപാടിക്ക് ശേഷം ഗവര്‍ണര്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍വ്വകലാശാലയില്‍ എത്തുമ്പോള്‍ പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി ഷിഹാബ് പറഞ്ഞു. എന്നാല്‍ ഏത് രീതിയിലായിരിക്കും പ്രതിഷേധമെന്ന് നേതാവ് വ്യക്തമാക്കിയില്ല. ജില്ലാ കമ്മിറ്റി കൂടിയാലോചിച്ച് പ്രതിഷേധത്തിന് രൂപം നല്‍കുമെന്നാണ് ഷിഹാബ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: