പൂനെ: അയോധ്യയിലെ ഭഗവാന് രാമന് വസ്ത്രമൊരുക്കാന് പൂനെ നിവാസികള്‍ നൂല് നൂല്ക്കുന്നു. ‘ദോ ധാഗേ ശ്രീറാം കേ ലിയേ’ (ശ്രീരാമന് രണ്ട് നൂല്) എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ആയിരക്കണക്കിന് ഭക്തരാണ് ബാലക രാമന് വസ്ത്രമൊരുക്കാന് എത്തുന്നത്.
പതിമൂന്ന് ദിവസത്തെ കാമ്പയിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പൂനെയില്‍ തുടക്കം കുറിച്ചത്. കൈത്തറിയില്‍ നൂല് നൂറ്റാണ് കേന്ദ്രമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റും പൂനെ ഹെറിറ്റേജ് ഹാന്‍ഡ് വീവിങ് റിവൈവല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് കാമ്പയിന് തുടങ്ങിയത്.
പൂനെ കക്കാഡെ ഫാമില്‍ ഇതിനായി 25 കൈത്തറികള്‍ സ്ഥാപിച്ചു. രാമഭക്തര്‍ ഇവിടെയെത്തി കൈത്തറിയില്‍ രണ്ട് നൂലുകള്‍ നെയ്യും, അതില്‍ നിന്ന് നിര്‍മ്മിച്ച പട്ടുവസ്ത്രം ഭഗവാന് ശ്രീരാമന് സമര്‍പ്പിക്കും. വെറും പതിമൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്ന കാമ്പയിനില്‍ പങ്കെടുക്കാന്‍ പത്ത് ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പരിപാടിക്ക് നേതൃത്വം നല്കുന്ന അനഘ ഗൈസാസ് പറഞ്ഞു. ഭഗവാന് രാമന് വേണ്ടി വസ്ത്രമൊരുക്കുന്നതിന് ജാതി, മത, പ്രാദേശിക ഭേദമില്ലാതെ വലിയ ജനപങ്കാളിത്തമാണുള്ളത്. എല്ലാവരുടെയും രാമന് എന്ന മുദ്രാവാക്യത്തിന് കീഴില്‍ നാട് ഒന്നാവുകയാണ്. രാമഭക്തി എല്ലാവരെയും ഒന്നിപ്പിക്കുകയാണ്, ഗൈസാസ് പറഞ്ഞു.
രാംലാലയ്ക്കുള്ള വസ്ത്രങ്ങള്‍ പ്രധാനമായും പട്ട് കൊണ്ട് നിര്‍മ്മിച്ച് വെള്ളി തൊങ്ങലുകള് കൊണ്ട് അലങ്കരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരിയുടെയും സന്ദര്‍ശനത്തോടെ ‘രാമന് രണ്ട് നൂല്’ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
രാമക്ഷേത്രം രാഷ്ട്രക്ഷേത്രമാണെന്ന് ഉദ്ഘാടനപരിപാടിയില്‍ പങ്കെടുത്ത ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി പറഞ്ഞു. ഭഗവാന് രാമന് ക്ഷേത്രങ്ങളും ക്ഷേത്രങ്ങളില്‍ ആരാധനയും ലോകമെമ്പാടുമുണ്ട്. എന്നാല്‍ അയോധ്യയിലെ രാമക്ഷേത്രം ദേശീയസ്വാഭിമാനത്തിന്റെ പ്രതീകമാണ്. എല്ലാവരുടെയും രാമനാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഉത്തരവാദിത്തം രാമന്റെ സൈന്യത്തിലാണ് നിയുക്തമായിരിക്കുന്നത്, സുരേഷ് ജോഷി പറഞ്ഞു. അനഘ ഗൈസാസ് രചിച്ച ‘രാമജന്മഭൂമിച്ചേ രാമായണം’ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: