ന്യൂദല്‍ഹി: ആര്‍ത്തവം എന്നത് വൈകല്യമല്ലെന്നും തൊഴില്‍ മേഖലയില്‍ ആര്‍ത്തവ അവധി നല്കുന്നത് സ്ത്രീകളോടുള്ള വിവേചനത്തിന് വഴിതെളിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍. ആര്‍ത്തവം എന്നത് സ്ത്രീ ജീവിതത്തിന്റെ സ്വാഭാവിക ഭാഗം മാത്രമാണ്. ഇതിനായി പ്രത്യേക അവധി അടക്കമുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്ന് ആര്‍ത്തവത്തെ ഒരു വൈകല്യമായി കണക്കാക്കരുത്, കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ അറിയിച്ചു.
ആര്‍ത്തവ അവധിക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ലക്ഷ്യമുണ്ടോ എന്ന മനോജ് കുമാര്‍ ഝാ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. നിര്‍ബന്ധിത ആര്‍ത്തവ അവധി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് നേരത്തെ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.
ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്നതിനിടെയാണ് കേന്ദ്രവനിതാ ശിശു ക്ഷേമമന്ത്രിയുടെ ഇക്കാര്യത്തിലെ സുവ്യക്തമായ നിലപാട് പാര്‍ലമെന്റില്‍ വിശദീകരിച്ചത്. ആര്‍ത്തവം എന്ന പ്രക്രിയയെ വൈകല്യമായി തീര്‍ക്കുന്നതിനും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറയുന്നതിനും ആര്‍ത്തവ അവധി വഴിവെക്കുമെന്നാണ് കേന്ദ്രനിലപാട്. ആര്‍ത്തവം ഉള്ള ഒരു സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവവും ആര്‍ത്തവകാലവും വൈകല്യമായി കാണുന്നില്ലെന്നും സ്ത്രീകളുടെ ജീവിത യാത്രയിലെ ജൈവികഭാഗം മാത്രമാണതെന്നും ഇറാനി സഭയില്‍ വിശദീകരിച്ചു.
വനിതകള്‍ക്ക് തുല്യ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം അവധികള്‍ പ്രതികൂലമായി മാറും. ആര്‍ത്തവ കാലത്തെ ശുചിത്വം അടക്കമുള്ള വിഷയങ്ങളലില്‍ കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കും. അവബോധം വളര്‍ത്താനും ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥകള്‍ ചെയ്യുന്നതാവും നയം. ആര്‍ത്തവ ശുചിത്വ മാനേജ്മെന്റ് സ്‌കീം നടപ്പാക്കുക വഴി പത്തുമുതല്‍ 19 വയസ്സു വരെയുള്ള കുട്ടികളില്‍ അവബോധം ശക്തമാക്കാനാവും. ദേശീയാരോഗ്യ മിഷന്‍ വഴി പദ്ധതി നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: