ന്യൂദല്‍ഹി: പാര്‍ലമെൻ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയിൽ അക്രമം നടത്തിയ പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കേസന്വേഷണം പൂര്‍ണമായി ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറും. കേസ് കേന്ദ്ര ഏജന്‍സിക്ക് വിടണോ എന്നതില്‍ പിന്നീടായിരിക്കും തീരുമാനം. പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ച സാഗര്‍ ശര്‍മ, മൈസൂര്‍ സ്വദേശിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജന്‍, പാര്‍ലമെന്റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ ബുധനാഴ്ച സംഭവസ്ഥലത്തുവച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝാ, ഗുഡ്ഗാവ് സ്വദേശി വിക്കി ശര്‍മ എന്നിവരെയും പോലീസ് പിന്നീട് പിടികൂടിയിരുന്നു. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ചതെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുക.
പാർലമെൻ്റ് കാണാൻ മൈസൂർ ലോക്സഭാ എം. പി പ്രതാപ് സിൻഹയുടെ ഓഫീസിൽ അപേക്ഷ നല്കി വാങ്ങിയ പാസിലാണ് സാഗർ ശർമയും മനോരഞ്ജനും സഭയിൽ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: