ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട യാദവ്, ബിജെപിയിലെ ശക്തമായ ഒബിസി മുഖമാണ്. 58 വയസ്സുകാരനായ ഇദ്ദേഹം മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. 2013ൽ ഉജ്ജൈയിനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ലും 2023ലും കോട്ട കാക്കുകയായിരുന്നു. എൽ എൽ ബി, എം ബി എ, പി എച്ച് ഡി വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള യാദവ് കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആർ എസ് എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് മോഹൻ യാദവ്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയും ഇന്ന് ഉച്ചയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ വനവാസി വിഭാഗക്കാരനാണ് 59 വയസ്സുകാരനായ വിഷ്ണുദേവ് സായി. മുൻ എം പിയും കേന്ദ്രമന്ത്രിയുമാണ് അദ്ദേഹം. വിജയ് ശർമ്മ, അരുൺ സാവോ എന്നിവരാണ് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: