ബാര്‍ബഡോസ്: കാല് നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ വിരുന്നുകാരെ തോല്‍പ്പിച്ചത് നാല് വിക്കറ്റിന്. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. ഇതിന് മുമ്പ് 1998ലാണ് വിന്‍ഡീസ് അവരുടെ നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നേടിയിട്ടുള്ളത്.
മഴയുടെ ശക്തമായ ഇടപടെലുണ്ടായ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ണയിക്കപ്പെട്ട ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. ജയ, പരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിന്റെ വിജയവും പരമ്പര നേട്ടവും ഉറപ്പാക്കിയത്.
മഴകാരണം വൈകി തുടങ്ങിയ മത്സരം 43 ഓവറായി വെട്ടിചുരുക്കാന്‍ തീരുമാനിച്ചു. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് തുടങ്ങിയ ശേഷം വീണ്ടും മഴയുടെ ശല്യം. സമയ നഷ്ടം കാരണം കളി പിന്നെയും 40 ഓവറാക്കി ചുരുക്കി. അര്‍ദ്ധസെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെയും(73 പന്തില്‍ 71) ലയാം ലിവിങ്സ്റ്റണിന്റെയും(56 പന്തില്‍ 45) മികവില്‍ ടീം കരീബിയന്‍ പടയ്ക്ക് മുന്നില്‍ വച്ചത് 210 റണ്‍സിന്റെ വിജയലക്ഷ്യം. ഇംഗ്ലണ്ടിനായി പത്താം വിക്കറ്റില്‍ ഗുസ് അറ്റ്കിന്‍സണും(20) മാത്ത്യു പോട്ട്സും(15) പുറത്താകാതെ കാഴ്ച്ചവച്ച തകര്‍പ്പന്‍ ബാറ്റിങ് ആണ് ടീമിനെ 200 കടത്തിയത്.
വിന്‍ഡീസ് നിരയില്‍ മാത്ത്യു ഫോര്‍ഡ് തുടക്കത്തിലേ ഏല്‍പ്പിച്ച പ്രഹരം ഇംഗ്ലണ്ട് ഇന്നിങ്സിനെ വല്ലാതെ ബാധിച്ചു. ആതിഥേയര്‍ക്കുവേണ്ടി അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് പ്രകടനം കാഴ്ച്ചവച്ചു. രണ്ട് വിക്കറ്റ് നേട്ടവുമായി റൊമാരിയോ ഷെപ്പേര്‍ഡ് പന്തുകൊണ്ടും മികവ് കാട്ടി.
വിന്‍ഡീസ് മറുപടി ബാറ്റിങ് തുടങ്ങിയെങ്കിലും മഴ ശല്യം വീണ്ടുമെത്തി. ഒടുവില്‍ രണ്ടാം ഇന്നിങ്സ് 34 ഓവര്‍ മതിയെന്ന് നിശ്ചയിച്ചു. ഡിഎല്‍എസ് പ്രകാരം വിന്‍ഡീസ് ലക്ഷ്യം 188 ആയിമാറി. അലിക്ക് അതനാസെയും(45) കീസി കാര്‍ട്ടിയും(50) മികവ് കാട്ടിയ വിന്‍ഡീസ് നിരയ്ക്കെതിരെ കരുത്തന് ബൗളിങ്ങുമായി ഇംഗ്ലണ്ട് താരങ്ങളും തിരിച്ചടിച്ചു. വില്‍ ജാക്സിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ഇതില്‍ ശ്രദ്ധേയം. 23.2 ഓവറില്‍ വിന്‍ഡീസ് 122 റണ്‍സില്‍ നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് നായകന് ജോസ് ബട്ട്ലറും കൂട്ടരും വിജയതീരം കണ്ടു. അപ്പോഴാണ് ഏഴാമനായി റൊമാരിയോ ഷെപ്പേര്‍ഡിന്റെ വരവ്. തുടക്കം മുതലേ അടിച്ചു റണ്‍ കേറ്റി. താരത്തെ സാക്ഷിയാക്കി ഒരു വിക്കറ്റ് കൂടി ഇംഗ്ലണ്ട് വീഴ്ത്തി. പിന്നെ കണ്ടത് മാത്ത്യൂ ഫോര്‍ഡിനെ(13) കൂട്ടുപിടിച്ച് റൊമാരിയോ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതാണ്. 28 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും മൂന്ന് ഫോറും സഹിതം 41 റണ്‍സെടുത്തു. 31.4-ാം ഓവറില്‍ ആതിതേയര് ലക്ഷ്യ(191)ത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: