ഭുവനേശ്വര്‍: രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ ഒഡീഷയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ കമ്പനികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും മുന്നൂറിലേറെ കോടി രൂപ കണ്ടെടുത്ത സംഭവത്തില്‍ വിശദീകരണം നല്കാനാവാതെ കോണ്‍ഗ്രസ്. ഒറ്റ ഓപ്പറേഷനില്‍ ഒരു അന്വേഷണ ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച ആരംഭിച്ച ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്ത പണം ഇനിയും പൂര്‍ണമായും എണ്ണിത്തീരാത്ത സാഹചര്യമാണുളളത്. ഒഡീഷയിലും ഝാര്‍ഖണ്ഡിലുമായി ഇരുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മുന്നൂറ് കോടിയോളം രൂപ പിടിച്ചെടുത്തത്. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായും രാജ്യത്തെ മുന്‍നിര മദ്യനി
ര്‍മ്മാണ കമ്പനിയായ ബള്‍ഡിയോയുമായും ബന്ധമുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്.
സാഹുവിന് പങ്കാളിത്തമുള്ളവയാണ് ഈ സ്ഥാപനങ്ങളെന്ന് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു. നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. റെയ്ഡ് നാല് ദിവസം പിന്നിട്ടു. ശനിയാഴ്ച, ആദായനികുതി സംഘം റാഞ്ചിയിലെ സാഹുവിന്റെ വീട്ടുവളപ്പില്‍ നിന്ന് മൂന്ന് ബാഗുകള്‍ കൂടി പിടിച്ചെടുത്തു. ഒഡീഷയില്‍ റെയ്ഡ് നടക്കുന്ന പ്രദേശങ്ങളിലെ മദ്യ ഫാക്ടറികളുടെ അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്കിയ ബണ്ടി സാഹുവിന്റെ വീട്ടില്‍ നിന്ന് 19 ചാക്കുകളോളം പണം പിടിച്ചെടുത്തു. ഇയാള്‍ക്ക് ധീരജ് സാഹുവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പണവും കണ്ടെടുത്തിരിക്കുന്നത്. ഇരുനൂറോളം ബാഗുകളിലായാണ് പിടിച്ചെടുത്ത പണം സൂക്ഷിച്ചിരിക്കുന്നത്. ഇവയില്‍ ചില ബാഗുകളില്‍ ഉള്ള പണമാണ് ഇനിയും എണ്ണിത്തിട്ടപ്പെടുത്താനുള്ളത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ആദായനികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്. വിവിധ വകുപ്പുകളിലെ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കള്ളപ്പണം 350 കോടിയിലെത്തിയേക്കുമെന്നാണ് സൂചന. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ദിവസങ്ങളെടുത്തേക്കുമെന്നാണ് സൂചന. പിടിച്ചെടുത്ത പണം സംസ്ഥാനത്തെ സര്‍ക്കാര്‍ ബാങ്കുകളിലേക്ക് എത്തിക്കുമെന്നാണ് വിവരം.
1977 മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള സാഹു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെയാണ് ഉയര്‍ന്നുവന്നത്. ഉപതെരഞ്ഞെടുപ്പിലൂടെ 2009ലാണ് സാഹു രാജ്യസഭാ എംപിയാകുന്നത്. 2010ല്‍ വീണ്ടും രാജ്യസഭയിലെത്തി. 2018ലാണ് മൂന്നാം തവണ എംപിയാകുന്നത്. നിരവധി പാര്‍ലമെന്റ് കമ്മിറ്റികളില്‍ അംഗമായ സാഹു കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പ്രധാന മുഖങ്ങളില്‍ ഒന്നാണ്. 2018ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സ്വത്ത് വിവരങ്ങളില്‍ ഒരു കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ബിഎംഡബ്ല്യൂ, റേഞ്ച് റോവര്‍ ഉള്‍പ്പടെ നാല് വാഹനങ്ങളുണ്ട്. ഭാര്യക്ക് 94.5 ലക്ഷത്തിന്റെ 3.1 കിലോ സ്വര്‍ണവും 26.16 ലക്ഷം വിലമതിക്കുന്ന വജ്രാഭരണങ്ങളുമുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു. 34.47 കോടിയുടെ സ്വത്ത് വകകളുളണതായും തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സത്യവാങ്മൂലത്തിലുണ്ട്.
സാഹുവില്‍ നിന്നും മൂന്നൂറ് കോടിയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കള്ളപ്പണ ഇടപാടില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയാറായിട്ടില്ല. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് ആക്ഷേപമുന്നയിച്ച കക്ഷികളൊന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെ ധീരജ് സാഹു ഒളിവില്‍ പോയതായതായാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് വിവിധ ഏജന്‍സികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: