കൊച്ചി: അഖിലയെന്ന ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് വൈക്കം സ്വദേശി കെ എം അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ജസ്റ്റിസ് അനു ശിവരാമന് അധ്യക്ഷയായ ബെഞ്ച് 12ന് പരിഗണിക്കും.
മകള്‍ ഹാദിയ എന്ന അഖിലയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും മകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ട് അച്ഛന് അശോകന് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് ഡിവിഷന് ബെഞ്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണ്.
തന്റെ മകള്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗങ്ങളായവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹാദിയ കേസില്‍ ആറാം പ്രതിയായ ഷെഫീന്‍ ജഹാനും നാലാം പ്രതിയും ചേര്‍ന്ന് തന്റെ മകളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും നാലാംപ്രതിയും ആറാം പ്രതിയായ മകളുടെ ആദ്യ ഭര്‍ത്താവ് ഷെഫീന്‍ ജഹാന് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹാദിയയായി മാറിയ മകള്‍ അഖില ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം അശോകന് ആരോപിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാര്‍ത്ത. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള് പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന് അശോകന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഹാദിയ രംഗത്തെത്തി. മകളെ കാണാനില്ലെന്ന അശോകന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ഹാദിയ പ്രതികരിച്ചത്.
താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയാമെന്നും അവര്‍ പറഞ്ഞു. താനിപ്പോഴും മുസ്ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.
ഇസ്ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളുണ്ടാകുമെന്നും ഹാദിയ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പുതിയ ക്ലിനിക്ക്
തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആലോചനയുമുണ്ടെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: